കബൂൾ: അമേരിക്കയും പാകിസ്ഥാനും കൂടെ നിന്ന് അഫ്‌ഗാനിസ്ഥാനെ ചതിച്ചുവെന്ന് അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തക മെഹ്ബൂബ സിറാജ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും വെറുപ്പ് മാത്രമാണെന്നും അഫ്‌ഗാന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഈ രണ്ട് രാജ്യങ്ങളാണെന്നും മെഹ്ബൂബ ആരോപിച്ചു. ഇനിയെന്തെങ്കിലും ചെയ്യാൻ സാധിക്കുക ഇന്ത്യയ്ക്കാണെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മെഹ്ബൂബ ഇക്കാര്യം വ്യക്തമാക്കിയത്.
‘അഫ്‌ഗാനിലെ ജനങ്ങൾക്കായി ഇനിയെന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ബൈഡൻ അമേരിക്കയിൽ അധികാരത്തിൽ വന്നപ്പോൾ അഫ്‌ഗാനിലെ ജനങ്ങൾ അദ്ദേഹത്തിൽ പ്രതീക്ഷയർപ്പിച്ചു. പക്ഷേ അഫ്ഗാൻ ജനതയോട് ബൈഡൻ കാണിച്ചത് വഞ്ചനയാണ്. നിലവിലെ സാഹചര്യങ്ങൾക്ക് കാരണം ബൈഡൻ ആണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ തെറ്റാണ്. താലിബാന് അനുകൂലമായ നിലപാട് സ്വീകരിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇത് പാകിസ്ഥാന്റെ തന്നെ വിനാശത്തിന് കാരണമാകുമെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല. പാകിസ്ഥാനെ പോലെ വഞ്ചന പ്രവർത്തിക്കുന്ന ഒരു അയൽ രാജ്യം അഫ്ഗാനിസ്ഥാന് അപമാനവും ശാപവുമാണ്.
ഈ സാഹചര്യത്തിൽ അഫ്ഗാൻ ജനത പ്രതീക്ഷയോടെ നോക്കുന്നത് ഇന്ത്യയിലേക്കാണ്. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ ഭരണകൂടത്തിന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഇന്ത്യ. അഫ്ഗാനിസ്ഥാനിലുള്ളത് തന്റെ സഹോദരങ്ങളാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇത് തന്റെ സഹോദരങ്ങളെ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ അവസരമാണ്. ഈ സഹോദരിമാരെ രക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. അഫ്‌ഗാനിലെ സ്ത്രീകളെ രക്ഷിക്കണം. ഇസ്ലാമിന്റെ പേരിൽ താലിബാൻറെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ മൂലം സഹമുസ്ലിം ആയിട്ട് കൂടി താലിബാനെ ഞങ്ങൾ വെറുക്കുന്നു. സ്ത്രീകളോടുള്ള താലിബാന്റെ പ്രവർത്തനങ്ങൾ ഇസ്ലാമിക നയമല്ല, അത് നമ്മുടെ വിശ്വാസത്തെ അപമാനിക്കുന്നതാണ്. അവർ നമ്മുടെ മതത്തിന് അപമാനമാണ്’, മെഹ്ബൂബ വ്യക്തമാക്കി.
Post Your Comments