കാബൂള്‍: അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം താലിബാന് പിടിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അവര്‍ സൈനികമായി കാബൂളില്‍ ഇടപെട്ടില്ല. കാബൂളിന്റെ കവാടത്തിലെത്തിയ താലിബാന്‍കാര്‍ അവിടെ നിലയുറപ്പിച്ചു. സുഗമമായ അധികാര കൈമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സമാധാന ചര്‍ച്ചയുടെ ഭാഗമായിരുന്ന താലിബാന് നേതാക്കള്‍ കാബൂളിലെത്തി ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.
അഷ്റഫ് ഗനി പ്രസിഡന്റ് പദവി ഒഴിയും. പകരം മുന്‍ ആഭ്യന്തര മന്ത്രി അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്നാണ് വിവരം. ഇരുവിഭാഗത്തിനും പൊതുസമ്മതനായ വ്യക്തിയാണ് ജലീലി.
അഫ്ഗാന്റെ മുന്‍ ആഭ്യന്തരമന്ത്രിയാണ് അലി അഹമ്മദ് ജലാലി. ഇദ്ദേഹം പുതിയ പ്രസിഡന്റാകുമെന്നാണ് വിവരം. അതേസമയം, നിലവിലെ പ്രസിഡന്റ് അഷ്റഫ് ഗനി പൂര്‍ണമായും ഒറ്റപ്പെട്ടു. അമേരിക്കന്‍ സൈന്യം രാജ്യം വിട്ടതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. മാത്രമല്ല, അദ്ദേഹത്തിന് ഉദ്യോഗസ്ഥ തലത്തിലും കാര്യമായ പിന്തുണ കുറഞ്ഞുവെന്നും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തിലാണ് ജലാലിയെ പ്രസിഡന്റാക്കാന്‍ ആലോചിക്കുന്നത്. അഫ്ഗാന് സര്‍ക്കാരിനും താലിബാനും പൊതുസമ്മതനാണ് ഇദ്ദേഹം.
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയിലാണ് ജലാലി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം കാബൂളിലേക്ക് തിരിച്ചു. താലിബാന് അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജലാലി കാബൂളിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് അഫ്ഗാനിലെ മൂന്നില്‍ രണ്ട് പ്രദേശങ്ങളും താലിബാന് നിയന്ത്രണത്തിലാക്കിയത്.
കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് അഫ്ഗാനിലെ കാര്യങ്ങള്‍ വേഗത്തില്‍ മാറിമറിഞ്ഞത്. രാജ്യത്തെ പ്രധാന നഗരങ്ങളായ മസാറി ശെരീഫ്, ജലാലാബാദ്, കാണ്ഡഹാര്‍, ഹെറാത്ത് എന്നിവയെല്ലാം അതിവേഗം താലിബാന് പിടിക്കുകയായിരുന്നു. അതിനിടെ ഖത്തറിലെ ദോഹയില്‍ ലോകരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയ താലിബാന് നേതാക്കള്‍ ഞായറാഴ്ച ഉച്ചയോടെ കാബൂളില്‍ തിരിച്ചെത്തി. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാന്റെ അധികാര കൈമാറ്റം സംബന്ധിച്ച് ധാരണയായി എന്നാണ് വിവരം.
Post Your Comments