കാബൂൾ: അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങി. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവെക്കുമെന്നും അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിൽ അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി അബ്ദുൾ സത്താർ മിർസാക്ക്വൽ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് വിവരം. അതേസമയം ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാൻ വക്താക്കളും അറിയിച്ചിട്ടുണ്ട്.. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നാണ് താലിബാൻ വക്താക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാബൂളിൽ നിന്നും നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ സൈന്യത്തേയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
Post Your Comments