ചങ്ങനാശ്ശേരി: മൊബൈല്‍ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ ആക്രമണം നേരിടുകയാണ് ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മ. തന്റെ മൊബൈല്‍ നമ്പർ ചില സാമൂഹികവിരുദ്ധർ ശൗചാലയങ്ങളിലും മറ്റും എഴുതിവെച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു. ഇതേ തുടർന്ന് ദിവസവും അശ്ലീലം നിറഞ്ഞ ധാരാളം മെസ്സേജുകളും കോളുകളുമാണ് ഇവർക്ക് ലഭിക്കുന്നത്.
ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയാണ് പരാതിക്കാരി. സംഭവവുമായി ബന്ധപ്പെട്ട് പലവട്ടം പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. കുറ്റവാളികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ആത്മഹത്യാ അല്ലാതെ മറ്റുമാർഗ്ഗമില്ലെന്നും കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വീട്ടമ്മ പറയുന്നു.
പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും തന്റെ മൊബൈൽ നമ്പർ മാറ്റുകയെന്ന നിർദ്ദേശമാണ് പോലീസ് നൽകുന്നതെന്നും വര്‍ഷങ്ങളായി വസ്ത്രം തുന്നിനല്‍കുന്ന ജോലി ചെയ്യുന്നതിനാല്‍ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കുമെന്നും ഇവർ പറയുന്നു.
സാമൂഹികവിരുദ്ധരുടെ അതിക്രമത്തിൽ സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സംഭവം വിശദീകരിച്ച് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകം അറിഞ്ഞത്. പോലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീട്ടമ്മ പറയുന്നു
Post Your Comments