പത്തനംതിട്ട: അടൂരില്‍ ബസുകളില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ അടൂര്‍ പൊലീസിന്‍റെ പിടിയില്‍. തമിഴ്നാട് സ്വദേശികളാണ് പിടിയിലായ സ്ത്രീകള്‍. കുട്ടികളെ മയക്കാന്‍ കഴിയുംവിധമുള്ള ഗുളികകളും കണ്ടെത്തി. അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ വീട്ടമ്മയുടെ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ മോഷ്ടാക്കളെ തടഞ്ഞു വയ്ക്കുകയായിരുന്നു . പളനി സ്വദേശികളായ സരസ്വതി, നന്ദിനി, സുമതി എന്നിവരാണ് പിടിയിലായത്.
പേരുകള്‍ യഥാര്‍ഥമാണോ എന്ന് സംശയമുണ്ട്. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്ത് പലയിടത്തും സംഘം മോഷണം നടത്തിയതായി വ്യക്തമായത്. സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപെട്ടു. സംഘത്തില്‍ പുരുഷന്‍മാരുമുണ്ട്. ബസില്‍ മോഷ്ടിക്കുന്ന ആഭരണങ്ങള്‍ ഉടന്‍ സംഘത്തിലെ പുരുഷന്‍മാര്‍ക്ക് കൈമാറും. ഇവര്‍ തൊട്ടടുത്ത സ്റ്റോപ്പിലിറങ്ങി രക്ഷപെടും. സംശയം തോന്നി ഇവരെ പിടികൂടിയാലും ആഭരണങ്ങള്‍ കണ്ടെടുക്കാനാവില്ല.
മുന്‍പും മോഷണക്കേസില്‍ ഇവരെ പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇവര്‍ക്കൊപ്പമുള്ള കുട്ടികളെ ലഹരിഗുളിക കൊടുത്ത് മയക്കിക്കിടത്തുന്നതാണ് രീതി. ലഹരിയുണ്ടാക്കും വിധമുള്ള ഗുളികകളും കണ്ടെടുത്തതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
Post Your Comments