ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറിയെന്നും പറയപ്പെടുന്നു.
ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഒന്നിലധികം ഐതീഹ്യങ്ങളാണ് ഓണവുമായി നിലനില്‍ക്കുന്നത്. എന്നാല്‍ പ്രധാനമായും ഓണത്തിന്റെ ഐതീഹ്യമായി പറഞ്ഞുവരുന്നത് മഹാബലിയുടെയും വാമനന്റെ കഥയാണ്.
തിരുവോണവും മഹാബലിയും
ദേവന്മാരെ പോലും അസൂയപ്പെടുത്തിയ മഹാബലി ചക്രവര്‍ത്തിയുടെ ഓര്‍മ്മദിവസമാണ് ഓണം. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടിയാണ് മഹാബലി എന്നാണ് വിശ്വാസം. മഹാബലിയുടെ ഭരണകാലത്ത് മാനുഷരെല്ലാം ഒരുപോലെയായിരുന്നു. കള്ളവും, ചതിയും ഇല്ലാതെ സമൃദ്ധിയുടെ കാലം.
എന്നാല്‍ മഹാബലിയുടെ ഭരണം ദേവന്മാരെ അസൂയപ്പെടുത്തി. തുടര്‍ന്ന്, വൈകുണ്ഡത്തില്‍ മഹാവിഷ്ണുവിന്റെ അടുക്കലെത്തി അസൂയാലുക്കളായ ദേവന്മാര്‍ മഹാബലിയെ കുറിച്ച് പറഞ്ഞു. ദേവന്മാരുടെ ആവശ്യപ്രകാരം വാമനവേഷം പൂണ്ട് മഹാവിഷ്ണു മഹാബലിയുടെ അടുക്കലെത്തി ഭിക്ഷചോദിച്ചു. ഈ സമയം വിശ്വജിത്ത് യാഗം ചെയ്തുകൊണ്ടിരുന്ന മഹാബലി അത് നല്‍കാനും താല്‍പര്യം അറിയിച്ചു. മഹാബലിയില്‍ നിന്ന് മൂന്നടി മണ്ണ് വാമനന്‍ ആവശ്യപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ അസുരഗുരു ശുക്രാചാര്യര്‍ ദാനം നല്‍കുന്നതില്‍ നിന്ന് മഹാബലിയെ വിലക്കി. ഇതിനെ മറി കടന്ന് മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് മഹാബലി അനുവാദം നല്‍കി.
ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി മാറ്റി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനന്‍ തന്റെ പാദ സ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയര്‍ത്തി.
ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഓരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം. ഈ ദിനമാണ് തിരുവോണമായി ആഘോഷിക്കുന്നത്.
Post Your Comments