തിരുവനന്തപുരം : രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ടോക്കിയോ ഒളിമ്പിക്സ് താരങ്ങളെ അഭിനന്ദിച്ച് കേരള നിയമസഭ. അത്‌ലറ്റിക്‌സിലെ സ്വർണ്ണ മെഡൽ എന്ന എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ചോപ്ര സാക്ഷാത്കരിച്ചതെന്നും സ്പീക്കർ എംബി രാജേഷ് നിയമസഭയിൽ പറഞ്ഞു. എന്നാൽ, പുരുഷ ഹോക്കിയിൽ മെഡൽ നേടിയ ടീം അംഗവും മലയാളിയുമായ ശ്രീജേഷിനെക്കുറിച്ച് ഒരു പരാമർശവും സ്പീക്കർ നടത്തിയില്ല. ഇതോടെ സഭയിലും ശ്രീജേഷിനെ സർക്കാർ അവഗണിച്ചുവെന്ന ആക്ഷേപമാണ് ഉയരുന്നത്. സംസ്ഥാന സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ പല കോണിൽ നിന്നും വിമർശനം ഉയരുന്നതിനിടയിലാണ് നിയമസഭയിലും ശ്രീജേഷിന് അവഗണന നേരിടേണ്ടി വന്നിരിക്കുന്നത്.
Read Also : സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാം: നിലപാടറിയിച്ച് കേന്ദ്രമന്ത്രി
സഭയിൽ എംബി രാജേഷ് പറഞ്ഞ വാക്കുകൾ ഇങ്ങനെ:
’ടോക്കിയോ ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് മത്സരത്തിൽ ഇന്ത്യ ആദ്യമായി സ്വർണമെഡൽ നേടിയിരിക്കുന്നു. പുരുഷവിഭാഗം ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് 87.58 മീറ്റർ എറിഞ്ഞ് ഇന്ത്യക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത്. അഭിനവ് ബിന്ദ്രക്കു ശേഷം ഇന്ത്യ വ്യക്തിഗത ഇനങ്ങളിൽ നേടുന്ന സ്വർണമെഡൽ കൂടിയാണിത്. ആധുനിക ഒളിമ്പിക്‌സിൽ ഇന്ത്യ നേടുന്ന ആദ്യത്തെ അത്‌ലറ്റിക്‌സ് സ്വർണമെഡൽ എന്ന നിലയിൽ എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ടോക്കിയോയിൽ സാക്ഷാത്കരിച്ചത്. രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച നീരജ് ചോപ്രയെ ഈ സഭ അഭിനന്ദിക്കുന്നു. ഒളിമ്പിക്‌സിലെ പുരുഷവിഭാഗം 65 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്രംഗ് പുനിയയേയും ഈ സഭ അഭിനന്ദിക്കുന്നു. ഇരുവർക്കും തുടർന്നും മികച്ച വിജയങ്ങൾ ആശംസിക്കുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങൾ നേടിയ എല്ലാ കായികതാരങ്ങളെയും ഈ സഭ അഭിനന്ദിക്കുന്നു’.
Post Your Comments