തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും.
2022-23 വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂൺ 27 മുതൽ ചേർന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികൾ പൂർത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്. അഞ്ചാം സമ്മേളനകാലയളവിൽ നിലവിലുണ്ടായിരുന്ന ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബർ – നവംബർ മാസങ്ങളിൽ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിച്ചത്. എന്നാൽ, അഞ്ചാം സമ്മേളനം ആരംഭിച്ച തിയതി മുതൽ 42 ദിവസ കാലയളവിനുള്ളിൽ അന്നു നിലവിലുണ്ടായിരുന്ന 11 ഓർഡിനൻസുകൾ വീണ്ടും പ്രഖ്യാപിക്കാൻ കഴിയാതെവരികയും അവ റദ്ദാകുകയും ചെയ്തതുമൂലമുണ്ടായ അസാധാരണ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓർഡിനൻസുകളുടെ സ്ഥാനത്തു പുതിയ നിയമ നിർമ്മാണം നടത്തുന്നതിനുവേണ്ടിയാണ് അടിയന്തരമായി ഇപ്പോൾ സമ്മേളനം ചേരുന്നതെന്നു സ്പീക്കർ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓഡിയോ – വിഡിയോ പ്രദർശനം ഓഗസ്റ്റ് 24 വരെ നീട്ടിയിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു. നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷ പരിപാടികളുടേയും പ്രദർശനത്തിന്റെയും അടുത്ത ഘട്ടം സെപ്റ്റംബർ 17, 18 തിയതികളിൽ കോഴിക്കോട് സംഘടിപ്പിക്കും. സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കായി കെ-ലാംപ്സിന്റെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ സെക്രട്ടറി എ.എം ബഷീറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Post Your Comments