കൊച്ചി: ‘ഈശോ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച നടൻ ജയസൂര്യയ്ക്ക് മറുപടിയുമായി പി സി ജോർജ്. കലാകാരനായാൽ കുറച്ച് മര്യാദ വേണമെന്നാണ് പി സി ജോർജ് ജയസൂര്യയോട് പറയുന്നത്. റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിലായിരുന്നു പി സിയുടെ പ്രതികരണം. ‘ഈശോ’ എന്ന പേരാണ് പ്രശ്നമെന്നും ആ പേര് മാറ്റിയാൽ എല്ലാ പ്രശ്നവും തീരുമെന്നും പി സി വ്യക്തമാക്കുന്നു.
‘കലാകാരനായാൽ കുറച്ച് മര്യാദ വേണം. ആ പേര് അങ്ങ് മാറ്റ്. എന്നിട്ട് നല്ലൊരു പേര് ഇടാൻ നോക്ക്. അക്കാര്യത്തിൽ ആർക്ക് തർക്കം? നല്ലത് കാണുമ്പോൾ എല്ലാവരും പറയും, നല്ല സിനിമ എന്ന്’, പി സി ജോർജ് പറഞ്ഞു. ഇതേസമയം, ചർച്ചയിൽ പങ്കെടുത്ത സിനിമാപ്രവർത്തകൻ ‘ഈശോ നല്ല പേര് അല്ലെ’ എന്നും ചോദിക്കുന്നുണ്ട്.
അതേസമയം, ഈശോ എന്നത് സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് ജയസൂര്യ വ്യക്തമാക്കി. പേരില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് ‘ഈശോ നോട്ട് ഫ്രം ബൈബിള്‍’ എന്ന് കൊടുത്തത് എന്നും അതിനെയും തെറ്റിദ്ധരിച്ചതില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുമ്പ് താൻ ‘പുണ്യാളന്‍’ എന്ന സിനിമ ചെയ്തിട്ടുണ്ടെന്നും അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നിട്ടും അന്നൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.
സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തുനിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയസൂര്യ പറയുന്നു. ഈശോ എന്ന സിനിമ കണ്ടുകഴിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പോലും ഇതിലെ സന്ദേശത്തെക്കുറിച്ച് ചിന്തിക്കുമെന്നും ജയസൂര്യ പറഞ്ഞു. ‘ഈശോ’ എന്ന് പേരിട്ടതുകൊണ്ട് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും ജയസൂര്യ പറഞ്ഞു.
Post Your Comments