Latest NewsIndia

ക്യാബ് ഡ്രൈവറെ തല്ലിയ യുവതി സ്ഥിരം ശല്യക്കാരി: അയൽവാസിയുമായി പ്രശ്നമുണ്ടാക്കുന്ന പുതിയ വീഡിയോ വൈറൽ

വീട്ടിലേക്ക് പോകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവളോട് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍, തനിക്ക് ഇന്ത്യയിലെ യുവാക്കളെക്കുറിച്ച്‌ ആശങ്കയുണ്ടെന്ന് പെണ്‍കുട്ടി പറയുന്നതും വീഡിയോയില്‍ കാണാം.

ലഖ്‌നൗ: ക്യാബ് ഡ്രൈവറെ പൊതുജന മധ്യത്തില്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ തല്ലിയ ലഖ്നൗവിലെ പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇവരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. സമൂഹ മാധ്യമങ്ങളിലെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ക്യാബ് ഡ്രൈവറെയും അയാളെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ സുഹൃത്തിനെയും മര്‍ദ്ദിച്ച യുവതിയ്ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

#ArrestLucknowGirl എന്ന ഹാഷ്ടാഗും യുവതി ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോയും സംഭവം പുറത്തറിഞ്ഞത് മുതല്‍ ട്വിറ്ററില്‍ ട്രന്‍ഡിംഗായിരുന്നു. ക്യാബ് ഡ്രൈവറെ മര്‍ദ്ദിച്ചതിനും അയാളുടെ പക്കല്‍ നിന്നും 600 രൂപ മോഷ്ടിച്ചതിനും മൊബൈല്‍ ഫോണ്‍ തകര്‍ത്തതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് മറ്റൊരു വീഡിയോയിലാണ് യുവതി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതില്‍ ലഖ്നൗ പെണ്‍കുട്ടി തന്റെ അയല്‍വാസികളോട്, അവര്‍ അവരുടെ വീടിന്റെ ചില ഭാഗങ്ങളില്‍ കറുത്ത പെയിന്റ് അടിച്ചതിനെച്ചൊല്ലി തര്‍ക്കിക്കുന്നത് കാണാം.

ഇത്തരത്തില്‍ കറുത്ത പെയിന്റ് അടിക്കുന്നത്’അന്താരാഷ്ട്ര ഡ്രോണുകളെ’ ആകര്‍ഷിക്കുകയും അയല്‍വാസികളെ അപകടത്തിലാക്കുകയും ചെയ്യും എന്നാണ് യുവതി പറയുന്നത്. പുതുതായി എത്തിയിരിക്കുന്ന വൈറല്‍ വീഡിയോയില്‍ യുവതി അയല്‍ക്കാരോട് ‘ആന്റി-ബ്ലാക്ക്’ പെയിന്റ് ഉപയോഗിച്ച്‌ നേരത്തെ പെയിന്റ് അടിച്ച ഭാഗം വീണ്ടും പെയിന്റ് ചെയ്യാന്‍ പറയുന്നത് കാണാം. ‘ഈ പ്രദേശത്ത് അന്താരാഷ്ട്ര ഡ്രോണുകള്‍ പറന്നു കൊണ്ടേ ഇരിക്കുകയാണ്. വീടിന് കറുത്ത പെയിന്റ് അടിക്കുന്നത് കോളനിയിലെ ആളുകളുടെ ജീവന് തന്നെ ഭീഷണിയായി മാറുമെന്നാണ്’ പെണ്‍കുട്ടി പറയുന്നത്.

യുവതിയോട് പോലീസുകാര്‍ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും അയല്‍ക്കാരെ പറഞ്ഞ് മനസ്സിലാക്കുകയും അവരില്‍ നിന്ന് രേഖാമൂലം കാര്യങ്ങള്‍ എഴുതി വാങ്ങാമെന്ന് ഉറപ്പു നല്‍കി സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അയല്‍ക്കാരന്‍ തന്നോട് ‘ബരാക് ഹുസൈന്‍ ഒബാമ അവളുടെ പിതാവാണ്’എന്ന് പറഞ്ഞതായും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

സംഭവ സ്ഥലത്ത് നിന്ന് പോയില്ലെങ്കില്‍ ‘തല്ല് കിട്ടുമെന്ന്’ അയല്‍ക്കാരന്‍ പറഞ്ഞുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടിലേക്ക് പോകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവളോട് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍, തനിക്ക് ഇന്ത്യയിലെ യുവാക്കളെക്കുറിച്ച്‌ ആശങ്കയുണ്ടെന്ന് പെണ്‍കുട്ടി പറയുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിരിക്കുന്നത്. ഇത് ക്യാബ് ഡ്രൈവറെ ആക്രമിച്ചതിന് മുമ്പ് ഉണ്ടായ സംഭവമാണോ അതോ അതിന് ശേഷമുള്ളതാണോ എന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button