കണ്ണൂർ: ഗൾഫിലേക്ക് തിരികെ പോകാൻ കഴിയാത്ത അവസ്ഥയിൽ പ്രവാസികൾ. കുത്തിവെപ്പെടുത്തത് കൊവാക്സിൻ ആയതിനാലാണ് പ്രവാസികൾക്ക് തിരികെ പോകാൻ കഴിയാത്തത്. ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിൻ മാത്രമേ അംഗീകരിക്കു എന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. പ്രശ്നം പരിഹരിക്കാൻ മൂന്നാം ഡോസായി കൊവീഷീൽഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരു പ്രവാസി.
ഗൾഫിൽ 24 വർഷമായി വെൽഡിംഗ് ജോലി ചെയ്യുന്ന ഗിരികുമാർ കൊവിഡ് രണ്ടാം തരംഗ സമയത്താണ് നാട്ടിലെത്തിയത്. രണ്ടുമാസം നിന്ന് മടങ്ങിപ്പോകാനാണ് കരുതിയതെങ്കിലും വിമാനങ്ങൾ റദ്ദാക്കിയതോടെ ഇവിടെ കുടുങ്ങിപ്പോയി. ഏപ്രിലിൽ കൊവാക്സിന്റെ ഒന്നാം ഡോസെടുത്തു. മെയ് മാസം രണ്ടാം ഡോസും. ജൂണിൽ സൗദിയിലേക്ക് മടങ്ങാൻ തയ്യാറെടുത്തപ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാൽ കൊവാക്സീൻ എടുത്തവർക്ക് യാത്ര സാധ്യമാകില്ലെന്ന് മനലിയായത്.
സൗദി അംഗീകരിച്ച കൊവീഷിൽഡ് മൂന്നാം ഡോസായി നൽകിയില്ലെങ്കിൽ ജോലി പോകുമെന്ന് കാട്ടി ആരോഗ്യ വകുപ്പിന്റെ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും എല്ലാവരും കൈമലർത്തി. കടം കയറി ജീവിതം വഴിമുട്ടിയപ്പോഴാണ് ഗിരികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഗിരികുമാറിനെപോലെ നൂറ് കണക്കിന് പേരാണ് കൊവാക്സിൻ എടുത്തതിന്റെ പേരിൽ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി എന്ത് തീരുമാനം എടുക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Post Your Comments