വാഷിംഗ്ടൺ : യുഎസ്സിലെ ടെന്നസിയിലുള്ള ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി മ്യൂസിയം ഉടമകളായ മേരി കെല്ലോഗ് ജോസ്ലിന്, ജോണ്‍ ജോസ്ലിന് എന്നിവര്‍ മ്യൂസിയത്തിന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.
അപകടത്തെ തുടര്‍ന്ന് മ്യൂസിയം അടച്ചിട്ടിരുന്നുവെങ്കിലും ടിക്കറ്റെടുത്തവര്‍ക്ക് വേണ്ടി ചൊവ്വാഴ്ച തുറന്ന് കൊടുത്തു. അപകടമുണ്ടായ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. നാലാഴ്ചയെങ്കിലുമെടുക്കും അതിന്റെ പുനര്‍നിര്‍മ്മാണത്തിന് എന്നാണ് കരുതുന്നത്.
‘ഇന്ന് രാത്രി പിജിയോണ്‍ ഫോര്‍ഗിലുള്ള ഞങ്ങളുടെ ടൈറ്റാനിക് മ്യൂസിയം അട്രാക്ഷനില്‍ ഒരു അപകടം സംഭവിച്ചു. ഞങ്ങളുടെ മഞ്ഞുമല ഇടിഞ്ഞ് വീഴുകയും മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്ന് വ്യക്തമല്ല. പരിക്കേറ്റവക്കും വീട്ടുകാര്‍ക്കുമൊപ്പം നമ്മുടെ പ്രാര്‍ത്ഥനകളെപ്പോഴുമുണ്ട്. അവര്‍ നമ്മുടെ ചിന്തകളിലുണ്ട്’, എന്നാണ് മ്യൂസിയത്തിന്റെ പോസ്റ്റില്‍ പറയുന്നത്.
ലോകത്തെ തന്നെ നടുക്കിയ ദുരന്തമായിരുന്നു ടൈറ്റാനിക്കിന്റെ തകർച്ച. ഒരിക്കലും മുങ്ങില്ലെന്ന വാദത്തോടെ നിർമ്മിച്ച കപ്പൽ ആദ്യത്തെ യാത്രയിൽ തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് തകരുകയായിരുന്നു. ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരും അപകടത്തിൽ മരിച്ചു.
Post Your Comments