തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഇപ്പോൾ സർക്കാർ ഏർപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് കടകൾ തുറക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നതെന്നും രണ്ടു കിലോ അരി വാങ്ങാൻ 500 രൂപയുടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി കടയിൽ പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു.
ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ 72 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുളളവരും കൊവിഡ് വാക്സിൻ എടുത്തവരും കടകളിൽ എത്തുന്നതാണ് അഭികാമ്യമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ മന്ത്രി അഭികാമ്യമെന്നു പറഞ്ഞവയെല്ലാം നിർബന്ധമാക്കിയിരിക്കുകയാണ്. മന്ത്രിസഭ ഒന്ന് തീരുമാനിക്കുകയും, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒന്ന് തീരുമാനിക്കുകയും അതിന് വിരുദ്ധമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്യുന്നവെന്ന് അദ്ദേഹം പരിഹസിച്ചു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ കാണുന്ന അശാസ്ത്രീയതയെന്നും അത് അടിവരയിടുന്നതാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: നിങ്ങൾക്ക് വായ്നാറ്റമുണ്ടോ?: എങ്കിൽ പെരും ജീരകം ഇത്തരത്തിൽ ഉപയോഗിച്ചാൽ മതി
പോലീസിനെതിരയും വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. ജനങ്ങളെ ക്രൂരമായി ക്രൂശിക്കുകയാണ് പോലീസെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഒരു ‘ഫൈൻ’ സിറ്റിയായി മാറിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഓരോ മാസവും കേരളത്തിലെ പോലീസിന് ടാർജറ്റ് കൊടുക്കുന്നത്. പൊലീസ് മേധാവി ഓരോ ജില്ലകൾക്കായി ടാർജറ്റ് വീതംവച്ച് കൊടുക്കുകയാണ്. ഈ കോവിഡ് കാലത്ത് ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഫൈൻ ഈടാക്കാനാണ് പോലീസ് ഇപ്പോൾ നടക്കുന്നത്. ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ആളുകൾക്ക് മീതെ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമുക്ക് സഭയുടെ ഫ്‌ളോറിലല്ലെ പ്രതിഷധിക്കാനാകൂ മന്ത്രി ശിവൻകുട്ടി ചെയ്തതുപോലെ ചെയ്യാനാകില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷം സഭയിൽ വാക്കൗട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സതീശന്റെ പ്രതികരണം. നമുക്ക് ജനാധിപത്യപരമായ രീതിയിൽ നിയമസഭയിൽ ശക്തമായി പറയാൻ പറ്റുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments