
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നല്‍കിയത്. നഴ്‌സ് ഗ്രേഡ് രണ്ട് 204, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാര്‍ക്ക് 42, ഓഫീസ് അറ്റന്‍ഡന്റ് 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴിവുള്ള തസ്തികകള്‍ എത്രയും വേഗം പി.എസ്.സി.യെ അറിയിക്കണമെന്നും ആരോഗ്യ വകുപ്പിലെ ഒഴിവുള്ള തസ്തികകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാരുടെ യോഗം വിളിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം തസ്തികകള്‍ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാരും നിരവധി തസ്തികകളാണ് സൃഷ്ടിച്ചു വരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments