തിരുവനന്തപുരം : പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഒരു വർഷമാണ് സാധാരണ റാങ്ക് ലിസ്റ്റിന്റെ കാലാവധി. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും അത്തരത്തിലുള്ള റാങ്ക് ലിസ്റ്റുകൾ വീണ്ടും നീട്ടാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാഫി പറമ്പലിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
‘ലഭ്യമായ എല്ലാ ഒഴിവും നികത്തണം എന്നതാണ് സർക്കാർ നയം. ആഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ പട്ടികയും മൂന്ന് വർഷം പിന്നിടുന്നവയാണ്. പട്ടികയുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞാൽ നീട്ടുന്നത് പരിമിതി ഉണ്ട്. അതിന് അസാധാരണ സാഹചര്യം വേണം. ഒന്നുകിൽ നിയമന നിരോധനം വേണം. അല്ലെങ്കിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കണം. ഇവ രണ്ടും ഇപ്പോൾ ഇല്ല. മാറ്റിവച്ച പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും രോഗ തീവ്രത കുറഞ്ഞാൽ നടത്തും’- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പി എസ് സിയെ കരുവന്നൂർ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്നും അതിനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്നും പ്രതിപക്ഷം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്കെതിരെ എന്തിനാണ് പി എസ് സി അപ്പീൽ പോയത്. അതിന് എന്തിനാണ് സർക്കാർ പിന്തുണ നൽകുന്നത്. സർക്കാർ ഉദ്യോഗാർത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സർക്കാരിന് പിടിവാശിയാണെന്നും പ്രതിപക്ഷം പറഞ്ഞു.
Post Your Comments