
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഭീകരര്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ചാര ഏജന്‍സിയായ ഐ.എസ്.ഐയാണ് ഭീകരര്‍ക്ക് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയത്. ഇന്ത്യയില്‍ ആക്രമണത്തിനായി ഭീകരര്‍ വലിയ പദ്ധതികളാണ് തയ്യാറാക്കുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇന്ത്യയില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നത്. ഓഗസ്റ്റ് 15ന് മുന്‍പ് സുരക്ഷാ സേനകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പാക് അധീന കശ്മീരിലെ പ്രധാന ഭീകര സംഘടനകള്‍ യോഗം ചേര്‍ന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, അല്‍-ബദര്‍ എന്നിവയാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നത്. ഈ സംഘടനകളുടെ നേതാക്കള്‍ അടുത്തിടെ യോഗം ചേര്‍ന്നതായും ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ഇന്റലിജന്‍സ് കണ്ടെത്തി. ഐ.എസ്.ഐയുടെ സഹായത്തോടെ കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാനായി ഭീകരര്‍ 8 പുതിയ റൂട്ടുകള്‍ തെരഞ്ഞെടുത്തതായും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments