ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ബ്രിട്ടൺ അയർലൻഡിലെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടു ജയവുമായി ടീം ഇന്ത്യ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള അയർലൻഡിന് മൂന്ന് പോയിന്റാണുള്ളത്.
അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം എളുപ്പമാക്കിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്കായി വന്ദന കാതരിയ ഹാട്രിക്ക് നേടി. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ വന്ദന കാതരിയയിലൂടെ ഇന്ത്യ ലീഡെടുത്തു.
എന്നാൽ ആദ്യ ക്വാർട്ടർ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടാരിൻ ഗ്ലാസ്ബിയിലൂടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. 17-ാം മിനിറ്റിൽ ദീപ ഫ്ലിക് ചെയ്ത് പന്ത് വലയിലെത്തിച്ച വന്ദന ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 30-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച പെനാൽറ്റി കോർണറിൽ നിന്ന് എറിൻ ഹണ്ടർ സമനില ഗോൾ നേടി.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം
32-ാം മിനിറ്റിൽ നേഹ ഗോയലിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തെങ്കിലും 39-ാം മിനിറ്റിൽ മാരിസെൻ മാറയ്സിലൂടെ ദക്ഷിണാഫ്രിക്ക വീണ്ടും ഒപ്പമെത്തി. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ 49-ാം മിനിറ്റിൽ വന്ദന കാതരിയ ഇന്ത്യയുടെ വിജയ ഗോൾ നേടി.
Post Your Comments