ന്യൂഡല്‍ഹി: നിരന്തരമുള്ള പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നികുതിദായകര്‍ക്ക് നഷ്ടം 133 കോടിയെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രവര്‍ത്തിക്കേണ്ട സമയത്തില്‍ നിന്ന് വലിയ ഒരു ഭാഗവും പ്രതിഷേധങ്ങള്‍ കാരണം നഷ്ടപ്പെട്ടതാണ് സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയത്. ഓരോ എംപിക്കും നല്‍കുന്ന യാത്രാചെലവ് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ ചേരുമ്പോള്‍ വലിയ തുകയാണ് വരിക. ഇത് നല്‍കുന്നത് സാധാരണക്കാരന്റെ നികുതി പണത്തില്‍ നിന്നുമാണ്.
ഇതാദ്യമായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ദിവസേന ബുള്ളറ്റിനുകളും പ്രവര്‍ത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് കണക്കുകള്‍ പുറത്ത് വന്നത്. ജൂലായ് 19ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്‌സഭ 54 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടതില്‍ വെറും ഏഴ് മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.
രാജ്യസഭയിലും പ്രതിഷേധം ശക്തമായപ്പോള്‍ പ്രവര്‍ത്തന സമയത്തില്‍ നിന്ന് നഷ്ടമായത് 40 മണിക്കൂറിലധികമാണ്. ഇരു സഭകളിലുമായി 107 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടതില്‍ വെറും 18 മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം രണ്ടാം മോദി സർക്കാർ ഭരണമേറ്റ ശേഷം പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനു പ്രതിപക്ഷത്തിന് പ്രത്യേക കാരണം ഒന്നുമില്ലെന്നാണ് ബിജെപി ആക്ഷേപം.
Post Your Comments