ന്യൂഡൽഹി: പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുട്പത് വന്ത് സിങ് പന്നു. ഈ മാസം13ന് മുമ്പ് ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആക്രമണം എന്ന് വിഡിയോയിൽ പറയുന്നു. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നു.
2001ൽ ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ് ഡിസംബർ 13ന് എന്നത് ശ്രദ്ധേയമായ കാര്യമാണ്. 2001ലെ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ ‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖാലിസ്ഥാനായി മാറും) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ ഫീച്ചർ ചെയ്ത വീഡിയോയിൽ, തന്നെ കൊല്ലാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടതായും പന്നു പറഞ്ഞു.
ഇതിനെതിരെ ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റിനെ ആക്രമിച്ചുകൊണ്ട് പ്രതികരിക്കുമെന്ന് പന്നു വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നുവിന്റെ ഭീഷണി. ഡിസംബർ 22 വരെയാണ് സമ്മേളനം. പന്നുവിന്റെ ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.
Post Your Comments