തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സുപ്രീംകോടതി അന്തിമവിധി പറഞ്ഞ ഒരു കേസിൽ പിണറായി വിജയൻ നിയമസഭയിൽ കോടതിയെ വെല്ലുവിളിക്കുകയാണ്. നിയമസഭയ്ക്ക് അകത്ത് നടക്കുന്ന പ്രശ്നങ്ങൾ അവിടെത്തന്നെ തീർക്കുന്നതാണ് കീഴ് വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവാണെന്ന് കെ സുരേന്ദ്രൻ വാർത്ത കുറിപ്പിൽ പറഞ്ഞു.
നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇത് അംഗീകരിക്കാൻ തയ്യാറാവുന്നില്ല. സുപ്രീംകോടതിയെ പഴിചാരി മന്ത്രിയെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ശിവൻകുട്ടിയിൽ നിന്നും രാജി എഴുതിവാങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കോടതി പരാമർശം ഉണ്ടാകുമ്പോൾ രാജിവയ്ക്കുകയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാരുടെ കീഴ്വഴക്കം. എന്നാൽ പിണറായി സർക്കാർ എല്ലാ ധാർമ്മികതയും കാറ്റിൽ പറത്തുകയാണ്.
read also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
തുടർഭരണം തന്റെ ഫാസിസ്റ്റ് ശൈലിക്കുള്ള അംഗീകാരമാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ശിവൻകുട്ടി രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകും. പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾക്ക് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തുന്ന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. ശിവൻകുട്ടിയെ പോലൊരു വിദ്യാഭ്യാസമന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ഗുണ്ടാപ്രവർത്തനമാണോ ഈ സർക്കാരിൽ മന്ത്രിക്ക് വേണ്ട യോഗ്യതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments