
കാസര്‍കോട്: ആളൊഴിഞ്ഞ പറമ്പിലേക്ക് പുല്ലരിയാന്‍ പോയ കര്‍ഷകന് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പേരില്‍ 2000 രൂപ പൊലീസ് പിഴയിട്ടു. കോടോം-ബെളൂര്‍ പഞ്ചായത്തിൽ വേങ്ങയില്‍ വീട്ടില്‍ വി നാരായണനാണ് പിഴ നല്‍കേണ്ടി വന്നത്. പണമില്ലാഞ്ഞത് മൂലം ബന്ധുവിന്റെ സഹായത്താലാണ് ഇദ്ദേഹം പിഴ അടച്ചത്.
പണമടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അമ്പലത്തറ പൊലീസാണ് നാരായണന്റെ വീട്ടിലെത്തി പിഴയട്ക്കാന്‍ നോട്ടീസ് നല്‍കിയത്. കൂലിപ്പണിക്കാരനായ നാരായണൻ ലോക്ക്ഡൗൺ മൂലം പണി നഷ്ടപ്പെട്ടപ്പോഴാണ് 50,000 രൂപ ലോണെടുത്ത് പശുവിനെ വാങ്ങിയത്. ഇതിനിടയില്‍ ഭാര്യ ഷൈലജ കോവിഡ് പോസിറ്റീവാകുകയും ചെയ്തു.
നാരായണന്റെ പുരയിടത്തില്‍ പുല്ലൊന്നുമില്ലാത്തതിനാൽ പറമ്പില്‍ പുല്ലരിയാന്‍ പോയതായിരുന്നു. പൂര്‍ണമായും ആളില്ലാത്ത പറമ്പിൽ മാസ്‌ക് ധരിച്ചാണ് ഇദ്ദേഹം പുല്ലരിയാന്‍ പോയത്. അതേസമയം പ്രോട്ടോകോള്‍ ലംഘനമെന്ന് പറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു.
പത്ത്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികളും ഭാര്യയും അമ്മയും അനിയനും അടങ്ങുന്നതാണ് നാരായണന്റെ കുടുംബം. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ പിഴ അടയ്ക്കുന്നതിനായി അദ്ദേഹത്തെ സഹായിക്കുകയായിരുന്നു. അതേസമയം ഒമ്പത് ദിവസം മുമ്പാണ് നാരായണന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും ഇയാള്‍ പ്രൈമറി കോണ്‍ടാക്ടാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments