Latest NewsKeralaNews

ഫിനാന്‍സ് കമ്പനികള്‍ വഴി ലോണ്‍, ഗുണ്ടാ ഭീഷണി: ജനങ്ങളെ ഊറ്റി ബൈജൂസ്‌ ആപ്പ്

കൊറിയറുകാരൻ വലിയൊരു പൊതിയുമായി വീട്ടിൽ വന്നു.നോക്കുമ്പോൾ ബൈജുവിൻ്റെ ആപ്പ് !!

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് ആപ്പ് ഉപഭോക്താക്കളെ സാമ്പത്തികമായി ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതായി പരാതി. റിപ്പോര്‍ട്ടര്‍ ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ അറിയാതെ സ്വകാര്യ ഫിനാന്‍സ് കമ്പനികള്‍ വഴി ലോണ്‍ അനുവദിപ്പിച്ച് വഞ്ചിക്കുന്നുവെന്നാണ് പ്രധാന പരാതി.

ഫേസ്ബുക്ക് പ്രതികരണം ഇങ്ങെനെ:

ഏതാണ്ട് രണ്ട് വർഷങ്ങൾക്കു മുമ്പ്….മൂത്ത മകൾ എട്ടാം ക്ലാസിലെത്തിയിരിക്കുന്നു.അവളെ എങ്ങനേലും കലക്ടറാക്കണം…പെട്ടെന്നു കലക്ടറാവാൻ എന്താ വഴി. ഭാര്യ യൂ ട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും പരതലോട് പരതൽ…അപ്പോഴാണ് ഫെയ്സ് ബുക്ക്ഭാര്യക്ക് ബൈജുവിനെ പരിചയപ്പെടുത്തിയത്.പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. മൊബെലിൽ ഒറ്റക്കുത്ത് !!അതോടെ ബൈജു ചേട്ടൻ്റെ ചങ്ങാതിമാർ വിളി തുടങ്ങി. വിളിയോട് വിളി.വിളി അധികമായപ്പോൾ വക്കീലായ ഭാര്യക്കൊരു സംശയം. വിൽക്കാൻ പറ്റാത്ത സാധനങ്ങളാണല്ലോ നിർബന്ധിച്ച് വാങ്ങിപ്പിക്കുന്നത്. അവസാനം മാന്യനായ ഒരു എക്സിക്യൂട്ടിവിൻ്റെ വിളിയിൽ ഭാര്യ വീണു. മേഡം, നിങ്ങളാദ്യം ആപ്പൊന്ന് ഡൗൺലോഡ് ചെയ്യൂ. പതിനഞ്ചു ദിവസം ഫ്രീയായി ഉപയോഗിച്ച ശേഷം വേണ്ടെങ്കിൽ ഒഴിവാക്കാമല്ലോ. വാങ്ങണമെങ്കിൽ എത്ര ചെലവാകും?ഭാര്യ ചോദിച്ചു.അത് വളരെ ചെറിയ തുകയാണ് മാഡം. വെറും 29000/- രൂപ മാത്രം !!!ഇരുപത്തൊമ്പതിനായിരം എന്നെ സംബന്ധിച്ച് വലിയ തുകയാണ്…അത് ഒന്നിച്ചടക്കണ്ട മാഡം.

പലിശയില്ലാത്ത തവണകളായി അടച്ചാൽ മതി !മാസം, ഏതെങ്കിലും സാധനങ്ങർ ഫൈനാൻസ് ഉപയോഗിച്ച് വാങ്ങിയിട്ടുണ്ടോ?ബജാജ് ഫിനാൻസിൽ നിന്നും ടി വി യും ലാപ്പ്ടോപ്പും മറ്റെന്തൊക്കെയോ വാങ്ങിയിട്ടുണ്ട്.ഭാര്യ പറഞ്ഞു.എന്നാ ശരി മാഡം.ഞങ്ങളുടെ ഡെമോ കണ്ടിട്ട് അഭിപ്രായം അറിയിക്കൂ. നിങ്ങളുടെ മകൾക്ക് തീർച്ചയായും ഇഷ്ടപ്പെടും !!അങ്ങിനെ ഡെമോ ഡൗൺലോഡ് ചെയ്തു. പക്ഷേ കലക്ടറാവാൻ പോണ മോൾക്ക് സാധനം ഇഷ്ടപ്പെട്ടില്ല. കൂടാതെ മോള് പഠിക്കുന്ന lCSE സിലബസ്സിൽ ബൈജുവിന് വല്യ ഗ്രാഹ്യമില്ലെന്നും മനസ്സിലായി.ഉടൻ വിളിച്ചു, എകസിക്യൂട്ടീവിനെ !!അയാളോട് കാര്യങ്ങൾ പറഞ്ഞു.ഓനാരാ മോൻ.. കസ്റ്റമറ് കയ്യീന്ന് പോവ്വാണെന്ന് കണ്ടപ്പോൾ അവൻ അടുത്ത തന്ത്രം പ്രയോഗിച്ചു.മേഡം, ഞാൻ നിങ്ങൾക്ക് പുതിയ ഇംപ്രൂവ്ഡ് വേർഷൻ അയച്ചു തരാം. അതെന്തായാലും നിങ്ങൾക്ക് ഇഷ്ടപ്പെടും. പുതിയ വേർഷനിൽ എല്ലാ സിലബസും ഉൾപ്പെടുത്തിയിട്ടുണ്ട് !!

എന്നാ ശരി.. നിങ്ങൾ ലിങ്ക് അയക്കൂ .ഭാര്യ പറഞ്ഞു.ഈ ലിങ്ക് അയക്കുന്നതിന് മുമ്പ് മാഡത്തിന് ഒരു മെസേജ് വരും. ആ മെസേജിലെ നമ്പർ ഒന്നു പറഞ്ഞു തന്നാൽ മതി. അപ്പോ തന്നെ ലിങ്ക് ഷെയർ ചെയ്യാം. അങ്ങനെ മെസേജിലെ അക്കങ്ങൾ പറഞ്ഞു കൊടുത്തതോടെ പുത്തൻ പുതിയ ബൈജു ഫോണിൽ മുഖം കാണിച്ച് അജ്ഞകൾക്കായി കാത്തു നിന്നു..പുതിയ ബൈജുവിനെ മോൾ മുഴുവനായി പരിശോധിച്ചു. കാര്യങ്ങൾ പഴയ പോലെ തന്നെ… പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.. ത്രന്നെ…പക്ഷേ പുതിയൊരു അത്ഭുതം കൂടി സംഭവിച്ചു !!!

കൊറിയറുകാരൻ വലിയൊരു പൊതിയുമായി വീട്ടിൽ വന്നു.നോക്കുമ്പോൾ ബൈജുവിൻ്റെ ആപ്പ് !!!വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നു വന്നപ്പോൾ ഹാളിൽ കിടക്കുന്ന പൊതിയെ പറ്റി അന്വേഷിച്ചു.ഏയ് ,ഞാൻ ഇത് ഓർഡറൊന്നും ചെയ്തിട്ടില്ല.അവർക്കെന്തോ തെറ്റുപറ്റിയതാവും. ഭാര്യ പറഞ്ഞു.നിന്നോടാരാ ഇത് വാങ്ങാൻ പറഞ്ഞത്. നാളെത്തന്നെ ഫ്രം അഡ്രസ്സിലേക്ക് തിരിച്ച് കൊറിയർ ചെയ്തോ..നീ ഇതിന് വല്ല പൈസയും കൊടുത്തിരുന്നോ… ഇല്ല.എന്നാപ്പിന്നെ വേഗം തിരിച്ചയച്ചാ മതി .ശരി… നാളെത്തന്നെ സാധനം തിരിച്ചയക്കാം എന്ന്ഭാര്യ സമ്മതിച്ചു.അങ്ങിനെ പിറ്റെ ദിവസം മാഡം ഭാര്യ എക്സിക്യുട്ടീവിനെ വിളിച്ചു കാര്യം പറഞ്ഞു.

ഏത് അഡ്രസ്സിലാണ് തിരിച്ചയക്കേണ്ടത്ഭാര്യ ചോദിച്ചു.അതോടെ അയാളിലെ കീചകനുണർന്നു. നിങ്ങൾ ഓർഡർ ചെയ്തതിനനുസരിച്ചല്ലേ കൊറിയൻ അയച്ചത്.നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും ഇവിടെ റെക്കോർഡഡ് ആണ്.ഇതു കേട്ട ഭാര്യക്ക് ചൂടായി.പത്തു പതിനഞ്ച് കൊല്ലം ക്രിമിനൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലിനെയാണോ നീ പേടിപ്പിക്കുന്നത്‌. താനയച്ചു തന്ന സാധനങ്ങൾ കൊറിയർ വഴി തിരിച്ചയക്കാമെന്ന് പറഞ്ഞത് എൻ്റെ നല്ല മനസ്സ് കൊണ്ടാ.ഇനി നിനക്ക് നിൻ്റെ സാധനം എൻ്റെ വീട്ടിൽ വന്ന് എടുത്തോണ്ടു പോവാം.എന്നും പറഞ്ഞ് ഭാര്യ ഫോൺ കട്ട് ചെയ്തു.അങ്ങനെ ആ എപ്പിസോഡ് അവസാനിച്ചു….

ബൈജുവിൻ്റെ സാധനങ്ങൾ തിരിച്ചെടുക്കാൻ ബൈജുവോ കൂട്ടുകാരോ വന്നില്ലെന്ന് മാത്രമല്ല ആരും അന്വേഷിച്ചത് കൂടിയില്ല. അങ്ങനെ ആ കവർ അലമാരമായുടെ മുകളിൽ നിത്യ നിദ്രയിലായി.കോടികളുടെ ബിസിനസ്സ് നടത്തുന്ന ആളുകളല്ലേ, അവർക്കിതൊക്കെ നിസാരമായിരിക്കും. എന്ന് ഒരു വേള ഞാനും മനസ്സിലുറപ്പിച്ചു.മാസങ്ങൾ കടന്നു പോയി.പണത്തിന് അത്യാവശ്വങ്ങൾ കൂടി വന്നതോടെ ഭാര്യയുടെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിലെ മിനിമം ബാലൻസ് നെല്ലിപ്പടി കണ്ടു തുടങ്ങി. പഞ്ചാബ് നാഷണൽ ബാങ്കിനപറ്റി ഈ അവസരത്തിൻ പറയാ തിരിക്കുക വയ്യ.

അവരിപ്പോഴും നെടുങ്ങാടി ബാങ്കിൻ്റേയും അപ്പു നെടുങ്ങാടിയുടെയും മധുര സ്മരണകളിലാണ്. ആധുനിക സൗകര്യങ്ങളൊന്നുമില്ല.ബാങ്ക് വീട്ടിൽ നിന്നും പോണ വഴിക്കാണെന്നതു മാത്രമാണ് ഏക സൗകര്യം.അക്കൗണ്ടിൽ ബാലൻസ് കുറഞ്ഞപ്പോഴാണ് ഭാര്യ ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ മാസവും 2500 രൂപ വീതം ബജാജ് ഫിനാൻസ് എക്കൗണ്ടിൽ നിന്ന് കഴിഞ്ഞ 11 മാസമായി കൊണ്ടു പോവുന്നുണ്ട്.ഞാൻ ബജാജിൽ നിന്ന് ലോണൊന്നുമെടുത്തിട്ടില്ലല്ലോ?!!!ഭാര്യക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.അവസാനം ബജാജ് ഫിനാൻസിലേക്ക് വിളിച്ചു.അപ്പോഴാണ് ബൈജു ഓളെ പറ്റിച്ച കാര്യം ഓൾക്ക് മനസ്സിലായത് !!അതോടെ എന്നെ വിളിച്ച് കാര്യം പറഞ്ഞു..ഞാനും ഭാര്യയും കൂടി ബജാജിൻ്റെ അഡ്രസ്സ് തപ്പിപ്പാടിച്ചു. ഇഗ്ലീഷ് പള്ളിയിലാണ് മെയ്ൻ ഓഫീസ്.അവിടേക്ക് കയറിച്ചെന്നു.. ഒരു ഉത്സവത്തിനുള്ള ആൾ കെട്ടിക്കിടക്കുന്നു.

ഓഫീസിൻ്റെ മുറ്റത്തു നിറയെ ബൈക്കിൻ കൂട്ടങ്ങൾ.എല്ലാ കോർപ്പറേറ്റ് ഓഫീസും പോലെ പുറത്ത് ഒരു റിസപ്ഷനിഷ്റ്റ്മാത്രം.ഞാൻ കാര്യം പറഞ്ഞു.അപ്പോയ്ൻറ്മെൻ്റിന്ടോക്കൺ എടുത്ത് വെയ്റ്റ് ചെയ്യണമത്രേ!!എൻ്റെ പണം ബാങ്കിൽ നിന്നെടുക്കാൻ നിങ്ങൾക്ക് ടോക്കൻ്റെ ആവശ്യമില്ലായിരുന്നല്ലോ ??ഞങ്ങളുടെ സ്വരം കടുത്തതോടെ വലിയ സാറ് പുറത്ത് വന്നു. അദ്ധേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അവർ ഭാര്യയുടെ പേരിൽ 30,000/- രൂപ ലോൺ സംഖ്യ ബൈജുവിന് നൽകിയിട്ടുണ്ടത്രേ !!അതിന് ഭാര്യ ഒരു കടലാസിലും ഒപ്പിട്ടിട്ടില്ലല്ലോ ?ഞാൻ ചോദിച്ചു.ഭാര്യയുടെ ഫോണിലേക്ക് ഒരു OTP നമ്പ്ര് അയച്ചിരുന്നെന്നുംഅത് കൺഫേം ചെയ്തിൻ്റെ അടിസ്ഥാനത്തിലാണ് ലോൺ പാസാക്കിയതെന്നും അയാൾ പറഞ്ഞു.ഈ കാര്യത്തിൽഞങ്ങൾക്ക് ഇവിടെ നിന്നും ഒന്നും ചെയ്യാൻ പറ്റില്ല.

വീണ്ടും ബൈജുവിൽ വിളിച്ചു.യാതൊരു മറുപടിയുമില്ല.യാതൊരു ഉപകാരവുമില്ലാതെ മുപ്പതിനായിരം രൂപ സ്വാഹ.ഇതാണ് വേണ്ടാത്ത കാര്യങ്ങൾ ചെയ്യരുതെന്ന് പറയുന്നത്. ഞാൻ ഭാര്യയെ ചീത്ത പറഞ്ഞു.ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറപ്പിക്കണം..നേരേ നടക്കാവ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. പക്ഷേ വലിയ ഫലം കണ്ടില്ല.ബജാജുകാരൻ ഹാജരായി അവരുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ബൈജുവോ ചേട്ടന്മാരോ വന്നതുമില്ല.ബൈജുവിനെ കിട്ടാതെ പണി നടക്കില്ല എന്ന് സർക്കിൾ ഇൻസ്പെക്ടർ തീർത്തു പറഞ്ഞു.ബൈജുവിൻ്റെ ആരേലും കിട്ടിയാൽ പോരെ?ഞാൻ ചോദിച്ചു.മതി… ഇൻസ്പെക്ടർ ഉറപ്പു നൽകി.അത് ഞാൻ ശരിയാക്കാം..!എങ്ങനെ ആളെ കൊണ്ടുവരും സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ ഭാര്യ ചോദിച്ചു.അതിനാക്കെ വഴിയുണ്ട്.ഞാൻ ബൈജുവിൻ്റെ ആപ്പിൽ കയറി മോന് വേണ്ടി ഒരു അപ്പോയ്ന്മെൻ്റ് ബുക്ക് ചെയ്തു.

അവരാ ചൂണ്ടയിൽ കൊത്തി. നിരന്തര സംഭാഷണങ്ങൾ, മാർക്കറ്റിംഗ് തന്ത്രങ്ങൾ. അവസാനം മോന് ഡെമോ കാണിക്കാൻ ബൈജുവിൻ്റ ബന്ധു വൈകിട്ട് 3.30ന് ഓഫീസിൽ വരാമെന്നേറ്റു.ഈ കാര്യങ്ങൾ ഞങ്ങൾ പോലീസിലറിയിച്ചു.ആൾ എത്തിയാൽ അറിയിക്കണമെന്നും പോലീസ് ജീപ്പിൽ ആളെ സ്റ്റേഷനിലേക്ക് കൊണ്ടുവരാമെന്നും തീരുമാനിച്ചു.അങ്ങിനെ ആളെത്തി. സുമുഖൻ, സുന്ദരൻ, എൻ്റെ ഭാഷയിൽ അറവു മാട്.പുറത്ത് നല്ല മഴയുണ്ട്..ആളെത്തിയ കാര്യം പോലീസിൽ വിളിച്ചു പറഞ്ഞു. പോലീസ് ജീപ്പ് പുറപ്പെട്ടു. ഒരു പതിനഞ്ചു മിനിറ്റ് ഇയാളെ ഓഫീസിൽ പിടിച്ചിരുത്തണം.എങ്ങാനും അയാൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ പിടിച്ചു വെക്കാൻ ആൾക്കാരേയും ഞാൻ നേരത്തേ ഏർപ്പാട് ചെയ്തിരുന്നു.മോൻ എവിടെ?വന്നയാൾ ചോദിച്ചു.മോൻ്റെ ക്ലാസ് കഴിഞ്ഞ് ഇപ്പോ എത്തും.കൂടിയാൽ പത്തു മിനിറ്റ്.ഓകെ സർ !അതിനിടെ ഞാൻ അയാളുടെ വിത്തും വേരും മനസ്സിലാക്കി.ആൾ പഞ്ചപാവമാണ്. പക്ഷേ എന്തു ചെയ്യാം..ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നാണല്ലോ. അതിനിടെ ഞാൻ ഒരു രസികൻ ചോദ്യം ചോദിച്ചു.. ഇത്രേം വല്ല്യ മൾട്ടി നാഷണൽ കമ്പനിക്ക് ആരെങ്കിലും ബൈജൂന്ന് പേരിടാമോ..അത് അയാൾക്കും രസിച്ചു.പുള്ളിക്കാരൻ്റെ പേര് തന്നല്ലേ കമ്പനിക്ക്..?

Read Also: ഓണക്കിറ്റിലും കേരളസർക്കാറിന്റെ അഴിമതി: കശുവണ്ടി പാക്കറ്റിൽ ലക്ഷങ്ങളുടെ ക്രമക്കേട്

എന്നാലും ഇത്ര വലിയ ഒരു മനുഷ്യന് ബൈജൂന്ന് പേരിട്ട മാതാപിതാക്കളെ സമ്മതിക്കണം.സംഭാഷണം നീണ്ടു പോകവെ മകനെത്തി (പോലീസ്).എക്സിക്യുട്ടീവിന് ഒന്നും മനസ്സിലായില്ല.യൂണിഫോമണിഞ്ഞ പോലീസുകാനെ കണ്ട അയാൾ എന്നോട് ചോദിച്ചു.എന്താ സംഭവം?നിങ്ങൾ എൻ്റെ കൂടെ വരണം .പോലീസുകാരൻ അയാളോട് പറഞ്ഞു.വരാം സർ അയാൾ സമ്മതിച്ചു.അങ്ങനെ മുമ്പിൽ പോലീസ്‌ ജീപ്പും പിന്നിൽ എൻ്റെ കാറും പോലീസ് സ്റ്റേഷനിലെത്തി.പോലീസുകാരൻ കാര്യങ്ങൾ ചോദിക്കുമ്പോഴേക്കും ബൈജുവിൻ്റ മൂത്ത ചേട്ടന്മാർ സ്റ്റേഷനിലെത്തി..ഒരു മാതിരി മുടിയും വസ്ത്രങ്ങളും ധരിച്ച രണ്ടു മൂന്നെണ്ണം. ആളുകളുടെ ധനം കഴിച്ചാണോന്നറിയില്ല, അവരുടെ ശരീരത്തിന് നല്ല മുഴുപ്പും മിനുപ്പുമായിരുന്നു.ആദ്യം കുറച്ച് ന്യായീകരണങ്ങൾ നിരത്തിയെങ്കിലും അധികം വാദിച്ചില്ല. കാരണം പോലീസിൻ്റെ ഇടപെടൽ അത്ര ശക്തമായിരുന്നു. ബൈജുവിൻ്റെ ആപ്പ് വാങ്ങി ആപ്പിലായ പല ഉദ്യോഗസ്ഥരും ആ കൂട്ടത്തിലുണ്ടായിരുന്നു.അവസാനം തീരുമാനത്തിലെത്തി.

മുപ്പതിനായിരം രൂപ അപ്പോ തന്നെ ബൈജു ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.ബജാജിനുള്ള ഒരടവ് കൂടി ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് തന്നെ കുറവ് ചെയ്യും.സമ്മതിച്ചു !!ഹാവൂ..നഷ്ടപ്പെട്ടെന്നു കരുതിയ പണം തിരികെ കിട്ടിയിരിക്കുന്നു.കൊറിയറിൽ വന്ന ബാഗ് വീട്ടിലുണ്ട്. തിരിച്ചെടുക്കാൻ ആളെ അയച്ചാൽ മതി. ഞാൻ പറഞ്ഞു.അത് തിരികെ വേണ്ട .നിങ്ങളെടുത്തോളൂ.ബൈജുവിൻ്റെ ചേട്ടൻ ഭവ്യതയോടെ പറഞ്ഞു.ശരി..തട്ടിപ്പിന് എന്തെങ്കിലുമൊരു ലാഭം വേണ്ടേ? !!പോലീസുകാരോട് നന്ദി പറഞ്ഞ് സ്റ്റേഷനു പുറത്തിറങ്ങി.പിന്നീടൊരിക്കലും ഭാര്യ ഒരു ആപ്പിലും പെട്ടില്ല. മകൾ ഒരു ആപ്പിൻ്റേയും സഹായമില്ലാതെ പത്താം ക്ലാസിൽ ഉന്നത വിജയം നേടുകയും ചെയ്തു.അല്ലേലും ആപ്പ് പോയിട്ട് ട്യൂഷൻ പോലും നമ്മൾക്ക് കിട്ടിയിട്ടില്ല. പിന്നാ… അവൻ്റൊരു കോപ്പ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button