ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ട്വിറ്ററില്‍ തരംഗമായി. അതിഗംഭീരമെന്ന അടിക്കുറിപ്പോടെ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച ഗുജറാത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വന്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. നൂറുകണക്കിന് കൃഷ്ണമൃഗങ്ങള്‍ നിരനിരയായി റോഡ് മുറിച്ചുകടന്ന് കുതിക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ഗുജറാത്തിലെ ഭാവ്നഗറിലെ വേലവധാര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങള്‍ 7 കോടി പേര് കണ്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ട്വിറ്ററില്‍ ഏഴുകോടി പേര് പിന്തുടരുന്ന സജീവ രാഷ്ട്രീയ പ്രവര്ത്തകന് എന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി. 2009 ജനുവരിയിലായിരുന്നു മോദി ട്വിറ്റര്‍ അക്കൗണ്ട് എടുത്തത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹം ട്വിറ്റര്‍ ഉപയോഗിച്ചുതുടങ്ങിയിരുന്നു. തൊട്ടടുത്തവര്‍ഷം ഒരു ലക്ഷം പേര് അദ്ദേഹത്തെ ഫോളോ ചെയ്തു തുടങ്ങി. 2020 ജൂലായില്‍ ആറുകോടി പേര് പിന്തുടരുന്ന ലോകനേതാവെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.
ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 2.6 കോടിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 1.9 കോടിയും ട്വിറ്ററില്‍ ഫോളോവേഴ്സുണ്ട്. 5.3 കോടി ഫോളോവേഴ്സുമായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മോദിക്കു തൊട്ടുപിന്നില്‍. യു.എസ്. പ്രസിഡന്റ് ജോ ബൈഡന് 3.9 കോടി ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്.
Post Your Comments