ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ചില ഭാഗങ്ങളില്‍ പൊടുന്നനെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 9 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴുപേരെ കാണാതായി. സംസ്ഥാനത്തെ ലാഹൗള്‍, സ്പിതി ജില്ലകളിലായി ഏഴ് പേരും ചമ്പയില്‍ രണ്ട് പേരും മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. കുളു ജില്ലയില്‍ ഡല്‍ഹിയില്‍ നിന്നുള്ള വിനോദ സഞ്ചാരി ഉള്‍പ്പടെ നാലുപേരെ കാണാതായി. ലാഹൗള്‍, സ്പിതി ജില്ലകളില്‍ നിന്നാണ് മറ്റുള്ളവരെ കാണാതായത്. മണ്ണിനടിയില്‍ കുടുങ്ങിയെന്ന് കരുതുന്ന ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഭാഗാ നദിയുടെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്യും, സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകും
നിരവധി വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. മനാലി-ലേ ഹൈവേയിലും ഗ്രാംഫു-കാസ ഹൈവേയിലും ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സമീപ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കും. മേഘ വിസ്‌ഫോടനമാണ് പൊടുന്നനെ ഉള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കിയതെന്നാണ് കരുതുന്നത്.
Post Your Comments