തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ വിധി. നിയമസഭാ കയ്യാങ്കളി കേസിൽ രാജി വെയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന കോടതി വിധിക്ക് പിന്നാലെയാണ് താൻ രാജിവെക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി രംഗത്ത് വന്നത്. വിധിക്ക് പിന്നാലെ, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും മറ്റ് കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സുപ്രീം കോടതി മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും അതിനാൽ രാജി ഇല്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. കേസിൽ തന്റെ നിരപരാധിത്വം വിചാരണകോടതിയിൽ തെളിയിക്കുമെന്നാണ് മന്ത്രി പറയുന്നത്. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമാണമാണെന്നും മന്ത്രി പറഞ്ഞു. സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നാണ് കോടതി വ്യക്തമാക്കിയത്.
Also Read:ഉത്തർപ്രദേശ് വാഹനാപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് യോഗി ആദിത്യനാഥ്
മന്ത്രിസഭയിലെ ഒരു മന്ത്രി വിചാരണകോടതിയിൽ വിചാരണ നേരിടുമ്പോൾ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത് അനുയോജ്യമല്ലെന്നും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ ആരോപിച്ചു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി.
ഒരു അംഗം തോക്കുമായി നിയമസഭയ്ക്കുള്ളിൽ വന്നാലും നിങ്ങൾ പരിരക്ഷ നൽകുമോ എന്ന് കോടതി ചോദിച്ചു. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുത്തെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അതിര് സർക്കാർ ലംഘിച്ചു. സർക്കാർ ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനാണ്. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളിൽ നിന്ന് ഒഴിവാകാനുള്ള കവാടമല്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Post Your Comments