Latest NewsKeralaNattuvarthaNews

ബാങ്കിന് മുന്നിൽ വരിനിന്നയാൾക്ക് പിഴ: ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്: പ്രതിഷേധം ശക്തം

അസഭ്യം വിളിച്ചെന്നും പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും ഗൗരിനന്ദ

തിരുവനന്തപുരം: ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടിക്കെതിരെ ജനരോഷം ശക്തം. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ചടയമംഗലം പോലീസ് കേസ് എടുത്തത്.

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ നിറയെ പ്രതിഷേധം നിറഞ്ഞ കമന്റുകളാണ്. ‘മദ്യവിൽപ്പന ശാലയ്ക്ക് മുന്നിൽ സാമൂഹിക അകലം പാലിക്കാത്തതിന് പിഴ ഇല്ല. അവിടെ പൊലീസ് മാമന് പേടിയാണോ?’, ‘ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ലെ നിങ്ങളൊക്കെ ജീവിക്കുന്നത്. ആ നന്ദിയെങ്കിലും തിരിച്ചു കാണിച്ചുകൂടെ. നിങ്ങൾ കാണിച്ചു കൂട്ടുന്ന തെണ്ടിത്തരങ്ങൾ കാണുമ്പോൾ അറപ്പ് തോന്നുകയാണ്. എല്ലാവരും മനുഷ്യരാണ്’. എന്നിങ്ങനെയാണ് ജനങ്ങളുടെ പ്രതികരണം.

സാമൂഹിക അകലം പാലിച്ചില്ല എന്ന കുറ്റം ചുമത്തി പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നത് കണ്ടാണ് ഗൗരിനന്ദ പ്രശ്നത്തിൽ ഇടപെടുന്നത്. ഇതോടെ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാൻ ശ്രമിക്കുകയായിരുന്നു. അതു പറ്റില്ലെന്നു പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും ഗൗരിനന്ദ യുവജന കമ്മീഷന് നൽകിയ പരാതിയിൽ വ്യക്തമാക്കി. ഇതിനിടെ പോലീസും പെൺകുട്ടിയും തമ്മിലുള്ള തർക്കത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button