തിരുവനന്തപുരം: ദൈവമാണെന്ന് അണികൾ പറയുന്നത് കൊണ്ടാകും വിമർശനം കേൾക്കാനുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത എന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് ദൈവമാണെങ്കിലും തങ്ങൾ പറയേണ്ടത് പറയുമെന്നും വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി.
ലോക്ക്ഡൗൺ മൂലം വിവിധ മേഖലയിൽ ഉള്ള ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ കേൾക്കാൻ സർക്കാർ അസഹിഷ്ണുത കാട്ടി എന്ന് പ്രതിപക്ഷം ആരോപിച്ചു.
വിവിധ മേഖലകളിൽ ഉണ്ടായ നഷ്ടം സംബന്ധിച്ച് യു.ഡി.എഫ് പഠനം നടത്തിയതായും സർക്കാർ ഔദ്യോഗികമായി ഇക്കാര്യത്തിൽ പഠനം നടത്തണമെന്നും വിഡി സതീശൻ വിശദമാക്കി. ദുരന്താഘാതം കണക്കു കൂട്ടാനും സഹായങ്ങൾ വിതരണം ചെയ്യാനും ‘കോവിഡ് ദുരന്തനിവാരണ കമ്മീഷൻ’ രൂപീകരിക്കണമെമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന് തെരഞ്ഞെടുപ്പ് ജയത്തിന്റെ ഹാങ്ങോവർ മാറിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനങ്ങളുടെ സങ്കടം കേൾക്കാൻ സർക്കാരിന് കണ്ണും കാതും ഇല്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ സങ്കടം കേട്ടിരുന്ന സർക്കാർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രതിപക്ഷം വിമർശിച്ചു.
Post Your Comments