ദുബൈ: ഫോണ്‍ കോളിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിൽ വിശദീകരണവുമായി യുഎഇ ടെലികമ്യൂണിക്കേഷന്‍ വകുപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വകുപ്പ്‍ വ്യക്തമാക്കി. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. വാട്സ് ആപ്പിലൂടെ പോസ്റ്റ് വൈറലായി പ്രചരിച്ചതിനെ തുടര്‍ന്ന് വിശദീകരണവുമായി യുഎഇ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് രംഗത്ത് വരികയായിരുന്നു.
മൂന്ന് രാജ്യങ്ങളിലെ കോഡുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആറ് ഫോണ്‍ നമ്പറുകളില്‍ നിന്നെത്തുന്ന കോളുകള്‍ സ്വീകരിക്കുകയോ ആ നമ്പറുകളിലേയ്ക്ക് തിരികെ വിളിക്കുകയോ ചെയ്യരുതെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. കോള്‍ സ്വീകരിച്ച് മൂന്ന് സെക്കന്റിനുള്ളില്‍ ഫോണിലെ കോണ്ടാക്‌ട് ഡീറ്റയില്‍സും ബാങ്ക് ഡീറ്റൈല്‍സും ഉൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങൾ വിളിക്കുന്നവര്‍ ചോര്‍ത്തുമെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം ഈ സന്ദേശം വ്യാജമാണെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഫോണ്‍ കോള്‍ സ്വീകരിക്കുന്നതിലൂടെയോ ഒരു ഫോണിലേക്ക് വിളിക്കുന്നതിലൂടെയോ ഒരിക്കലും ഫോണിലെ ഡീറ്റെയില്‍സ് ചോര്‍ത്താനാകില്ലെന്നും ഈ പോസ്റ്റ് ടിഡിആര്‍എ പ്രസിദ്ധീകരിച്ചതാണ് എന്ന വാദം തെറ്റാണെന്നും ടിഡിആര്‍എ ട്വിറ്ററിൽ പറഞ്ഞു. എന്നാൽ ഫോണ്‍ വിളിക്കുന്ന അപരിചിതര്‍ക്ക് വ്യക്തിപരമായ കാര്യങ്ങളോ ബാങ്കിന്റെ വിശദശാംശങ്ങളോ കൈമാറരുതെന്നും ടിഡിആര്‍എ നിർദ്ദേശം നൽകി.
Post Your Comments