മസ്‌കത്ത്: വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പൊതു അഭിപ്രായ വോട്ടെടുപ്പുകളുടെ രൂപത്തിൽ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വരുന്ന ഇത്തരം ഫോൺ കോളുകളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
ഇത്തരം ഫോൺ വിളികൾ ഒമാനിലെ ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നോ, ഒമാൻ സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നോ അല്ല വരുന്നത്. ഒമാനിൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾ, പൊതു അഭിപ്രായ വോട്ടെടുപ്പുകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത്തരം ഫോൺ കോളുകൾക്ക് മറുപടിയായി മറ്റു രാജ്യങ്ങളോടുള്ള ഒമാന്റെ വിദേശ നയം, ബന്ധങ്ങൾ മുതലായ വിവരങ്ങൾ, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ എന്നിവ പങ്കുവെക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
Post Your Comments