ഹൈദരാബാദ്: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായി വോട്ട് ചെയ്യാനായി വോട്ടര്‍മാര്‍ക്കു പണം നല്‍കിയ കേസില്‍ തെലങ്കാന രാഷ്‌ട്രസമിതി (ടി.ആര്‍.എസ്) ലോക്‌സഭാംഗം കവിത മാലോത്തിന് ആറു മാസം തടവും 10,000 രൂപ പിഴയും ശിക്ഷ. അവരുടെ സഹായി ഷൗക്കത്തലിക്കും നംപള്ളിയിലെ സ്‌പെഷല്‍ സെഷന്‍സ് കോടതി ഇതേ ശിക്ഷ വിധിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കിക്കൊണ്ട് ഇരുവര്‍ക്കും ജാമ്യമനുവദിച്ചു.
വോട്ടര്‍മാര്‍ക്കു പണം നല്‍കിയെന്ന കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ സിറ്റിങ് എം.പിയാണു മഹ്‌ബൂബാബാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കവിത. തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ഭദ്രാദ്രി-കോത്തുംഗുഡം ജില്ലയില്‍ വോട്ടര്‍മാര്‍ക്ക് 500 രൂപ വീതം വിതരണം ചെയ്യുന്നതിനിടെയാണു ഷൗക്കത്തലിയെ തെരഞ്ഞെടുപ്പു കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് കൈയോടെ പിടികൂടിയത്.
കവിതയ്‌ക്കു വേണ്ടിയാണു പണം നല്‍കിയതെന്ന് ഷൗക്കത്തലി സമ്മതിച്ചതോടെ അവരെ രണ്ടാം പ്രതിയാക്കി.
എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു വേണ്ടി സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം 2018 മാര്‍ച്ചില്‍ രൂപീകരിച്ചവയാണ് സ്‌പെഷല്‍ സെഷന്‍സ് കോടതികള്‍.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ എംപിക്ക് വേണ്ടിയാണ് താന്‍ പണം നല്‍കിയതെന്ന് ഷൗക്കത്തലി മൊഴി നല്‍കുകയായിരുന്നു. ഇതോടെ കേസില്‍ കവിത മലോത് രണ്ടാം പ്രതിയായി. സംഭവത്തില്‍ ഇന്നലെ മുന്‍കൂര്‍ ജാമ്യം നേടിയ എംപി കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments