ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്ന വ്യാജ പരാതി ഉന്നയിച്ച കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായ അളവില്‍ ഗുളിക കഴിച്ച് അവശ നിലയിലായ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദിലെ ഘട്ട്കേസറില്‍ ബുധനാഴ്ചയാണ് സംഭവം. വ്യാജപരാതി ഉന്നയിച്ചതിന് പെൺകുട്ടിക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് ഭയന്നാണ് ഇത് ചെയ്തതെന്നാണ് സൂചന.
കോളജില്‍ നിന്നും മടങ്ങുമ്പോള്‍ ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും തന്നെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് ഈ മാസം 10-ആം തിയതി പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് പറഞ്ഞത്. വീട്ടുകാര്‍ ഉടനെ പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. വസ്ത്രം കീറിയ നിലയിലും തലയിൽ മുറിവേറ്റ നിലയിലുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പക്ഷേ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയത്ത് പെണ്‍കുട്ടി നഗരത്തിലെ മറ്റൊരിടത്തു കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് തെളിഞ്ഞത്.
read also: ‘എൻഡിഎ വിടില്ല’: ഉറച്ച തീരുമാനവുമായി പി.സി. തോമസ്
പൊലീസ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ- കുടുംബ പ്രശ്‌നങ്ങള്‍ കാരണം വീട് വിട്ടിറങ്ങാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടില്‍ വിളിച്ച് പറയുകയായിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ടതോടെ കള്ളം പുറത്തറിയുമോ എന്ന് പെണ്‍കുട്ടി ഭയന്നു. തുടർന്ന് സ്വയം വസ്ത്രം വലിച്ചുകീറുകയും കല്ല് കൊണ്ട് തലയിൽ മുറിവേൽപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
വ്യാജ പരാതി നല്‍കിയതിന് പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയായിരുന്നു പൊലീസ്. അതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.
Post Your Comments