കൊൽക്കത്ത: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മിഷനെ പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിനായി നിയോഗിച്ചു. കൽക്കട്ട ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ബി ലോകുർ എന്നിവർ അംഗങ്ങളായ കമ്മിഷനെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
Read Also: ടോക്കിയോ ഒളിമ്പിക്സ് 2021: ജർമ്മനിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കും: റാണി രാംപാൽ
ഫോൺ ചോർത്തൽ വിവരം പുറത്ത് വന്ന് ഇത്രയും ദിവസമായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും അതുകൊണ്ടാണ് സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ചതെന്നുമാണ് മമതയുടെ പ്രതികരണം. ബംഗാളിൽ നിന്നുള്ള നിരവധിപേരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയിരിക്കുന്നുവെന്നും തങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം എന്ന മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത വിശദമാക്കി.
ജനാധിപത്യത്തിന്റെ വക്താക്കളായ മാദ്ധ്യമങ്ങളെയും ജുഡീഷ്യറിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പെഗാസസ് ലക്ഷ്യം വെച്ചിരിക്കുകയാണെന്നും ഇത് രാജ്യത്തിന് ഭീഷണിയാണെന്നും ഡൽഹിയിൽ ബി.ജെ.പി ഇതര പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. ഫോൺ ചോർത്തൽ ഭയന്ന് തനിക്ക് മറ്റ് നേതാക്കളോട് സംസാരിക്കാൻ പോലും ഭയമുണ്ടായെന്നും അവർ പറഞ്ഞു. മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും എന്നാൽ മോദിയും ഷായും അവരുടെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തുള്ള നേതാക്കളെ നിരന്തരം ആക്രമിക്കുന്നുവെന്നും മമത ആരോപിച്ചിരുന്നു.
Post Your Comments