ഓസ്ലോ: ജനങ്ങളെ ഭീതിയിലാഴ്ത്തി ആകാശത്ത് പ്രത്യക്ഷമായത് വലിയ തീഗോളം. യൂറോപ്യന്‍ രാജ്യമായ നോര്‍വെയിലാണ് ആകാശത്ത് വമ്പന്‍ തീഗോളം പ്രത്യക്ഷമായത്. നോര്‍വേയുടെ തലസ്ഥാന നഗരമായ ഓസ്ലോയുടെ ആകാശത്താണ് ജനങ്ങളെ പേടിപ്പെടുത്തി തീഗോളം പ്രത്യക്ഷപ്പെട്ടത്. ഒരു വമ്പന്‍ ഉല്‍ക്കയാണ് നോര്‍വെയെ വിറപ്പിച്ച ഈ സംഭവത്തിനു പിന്നില്‍.
ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് ഉല്‍ക്ക പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയായ ട്രോണ്ടെം വരെ ഈ ദൃശ്യം കാണാന്‍ സാധിച്ചതായാണു റിപ്പോര്‍ട്ടുകള്‍. സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ വന്ന ഉല്‍ക്ക പൊട്ടിത്തെറിച്ച പാടെ ഒരു വലിയ കൊടുങ്കാറ്റും സൃഷ്ടിച്ചു. എന്നാല്‍ ഇത് അധികസമയം നീണ്ടു നിന്നില്ല. ഇതേത്തുടര്‍ന്ന് രാജ്യത്ത് വലിയ ആശങ്ക ഉടലെടുത്തു. പൊലീസ് സ്റ്റേഷനുകളിലേക്ക് ലക്ഷക്കണക്കിന് എമര്‍ജന്‍സി ഫോണ്‍വിളികളാണ് എത്തിയത്.
സംഭവത്തില്‍ അത്യാഹിതങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഉല്‍ക്ക പൂര്‍ണമായും കത്തിത്തീര്‍ന്നിരുന്നില്ലെന്നും ഇതിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിച്ചെന്നുമാണു വിവരം. ഓസ്ലോ നഗരത്തിനു 60 കിലോമീറ്റര്‍ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഫിന്നമാര്‍ക്ക എന്ന വനമേഖലയിലാണ് ഉല്‍ക്ക വീണതെന്നാണു കരുതപ്പെടുന്നത്.
Post Your Comments