Latest NewsKeralaIndia

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎംകാരനായ മുഖ്യപ്രതിയ്ക്ക് തേക്കടിയില്‍ റിസോര്‍ട്ട്

കേസിലെ മൂന്ന് പ്രതികള്‍ സി പി എം അംഗങ്ങളാണ്. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്.

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുവിന് തേക്കടിയ്ക്ക് സമീപം മുരിക്കടിയില്‍ റിസോര്‍ട്ട്. മൂന്നരക്കോടി രൂപ മുടക്കി ആദ്യഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി. തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇപ്പോൾ നിര്‍മാണം നിലച്ചത്. 2012 ലാണ് ബിജു മുരിക്കടിയില്‍ സ്ഥലം വാങ്ങിയത്. 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചു.

2017ല്‍ മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കാനുള്ള പെര്‍മിറ്റ് വാങ്ങി. മുഖ്യ പ്രതികളായ ബിജു കരീമും ബിജോയും നടത്തിയത് കോടികളുടെ വെട്ടിപ്പ് ആണെന്ന് കണ്ടെത്തി. സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങള്‍ ലംഘിച്ച്‌ ഇരുവരും തട്ടിയത് 46 ലോണുകളില്‍ നിന്ന് 50 കോടിയിലധികം രൂപയാണ്. വായ്പ എടുത്തത് പല സഹകാരികളുടെയും പേരിലുമാണ്. കേസിലെ മൂന്ന് പ്രതികള്‍ സി പി എം അംഗങ്ങളാണ്. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ഇവര്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും.

ബാങ്ക് നിയമാവലി പ്രകാരം ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി തുക അന്‍പത് ലക്ഷമാണെന്നിരിക്കെ ക്രമവിരുവിരുദ്ധമായാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. കേസിലെ പ്രതി മുന്‍ ബ്രാഞ്ച് മാനേജരും, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം 18 വായ്പകളില്‍ നിന്ന് 20 കോടിയിലധികവും ബാങ്കില്‍ നിന്ന് തിരിമറി നടത്തി. സ്വന്തം പേരിന് പുറമെ ബന്ധുക്കളുടെ ഉള്‍പ്പടെ പേരില്‍ ലോണുകള്‍ എടുത്താണ് തിരിമറി നടത്തിയത്.

പ്രതികളുടെ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടെന്നായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റിലും, ഹോട്ടല്‍ നിര്‍മാണത്തിലും പണം മുടക്കി. 300 കോടിയിലധികം രൂപയുടെ ക്രമക്കേട് ബാങ്കില്‍ നടന്നതായാണ് ഇ ഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

ബാങ്കില്‍ ജോലി ലഭിച്ചതിന് ശേഷം ബിജു കരീമിന്റെയും ബിജോയുടെയും സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ബിജെപി കൗണ്‍സിലറുമായ ഷാജുട്ടന്‍ രംഗത്തെത്തി. അതേസമയം ഇരുവരും ഒളിവിലാണ്.

 

shortlink

Related Articles

Post Your Comments


Back to top button