കാബൂൾ: പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങളുമായി അഫ്ഗാനിസ്താൻ. താലിബാൻ സംഘടനയ്ക്ക് അഫ്ഗാനിൽ ഭീകരാക്രമണം നടത്താൻ സഹായം നൽകുന്നത് പാകിസ്താനാണെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ വ്യക്തമാക്കി. അഫ്ഗാൻ സൈന്യത്തിനെതിരെ താലിബാൻ ആക്രമണം നടത്തുന്നത് പാകിസ്താന്റെ സഹായത്തോടെയാണെന്നും പാക് സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അഫ്ഗാനിൽ നിന്നും യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതോടെയാണ് താലിബാൻ ആക്രമണങ്ങൾ വർധിച്ചത്. രാജ്യത്തെ പല മേഖലകളും താലിബാൻ പിടിച്ചെടുത്തു. അഫ്ഗാനിൽ സ്വാധീനം വർധിപ്പിക്കുന്നതിനായി താലിബാൻ, ലഷ്‌കർ ഇ ത്വയ്ബ, അൽ ഖ്വായ്ദ, മദ്രസ പ്രവർത്തകർ ഉൾപ്പെടെ നിരവധി ഭീകരർ നുഴഞ്ഞു കയറുന്നുണ്ട്. ഇതിനുള്ള സഹായവും പിന്തുണയും നൽകുന്നതും പാകിസ്താനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അഫ്ഗാൻ സൈന്യത്തിനെതിരെ താലിബാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നത് പാകിസ്താനാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് അഫ്ഗാൻ വൈസ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
Post Your Comments