ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ചാറ്റ് ചെയ്ത് സ്ത്രീകളെ വലയിലാക്കി നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണിപ്പെടുത്തിയ 21 കാരന്‍ പിടിയിലായി. ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ യുവതികളോട് ഇയാള്‍ ചങ്ങാത്തം കൂടും. പിന്നെ പണത്തിന് പകരം ഇവരുടെ നഗ്‌ന വീഡിയോകളും ചിത്രങ്ങളും വാങ്ങും. പിന്നെയും ചിത്രങ്ങള്‍ നല്‍കിയില്ലെങ്കില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവിന്റെ പതിവ്.
പ്രതിയായ ജതിന്‍ ഭരദ്വാജ് ടോക് ലൈഫ് എന്ന ആപ്പുപയോഗിച്ച് സാമ്പത്തികമായി പിന്നിലുളള പെണ്‍കുട്ടികളെയോ വിഷാദ രോഗം ബാധിച്ചവരെയോ ആണ് സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നത്. പതിനഞ്ചിലധികം സ്ത്രീകളെ ഇയാള്‍ ഇങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഒരു ഇന്തോനേഷ്യന്‍ യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നെന്നും എന്നാല്‍ കോള്‍ റിക്കാഡ് പരിശോധിച്ച് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.സത്യസുന്ദരം അറിയിച്ചു. മറ്റാര്‍ക്കെങ്കിലും ഇയാള്‍ക്കൊപ്പം സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
Post Your Comments