തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തട്ടിപ്പ് നടത്തി സമ്പാദിച്ച കോടികളില്‍ നല്ലൊരു ഭാഗവും തേക്കടിയിലെ ആഡംബര റിസോര്‍ട്ട് നിര്‍മാണത്തിന് ചെലവഴിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു മുഖാന്തിരം തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മിക്കാനാണ് കോടികള്‍ ശേഖരിച്ചിരുന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഇതിന് തെളിവായി തേക്കടിയില്‍ ഒരുങ്ങുന്ന റിസോര്‍ട്ടിന്റെ ബ്രോഷറും പാര്‍ട്ടി പുറത്തുവിട്ടു.
Read Also : കരുവന്നൂരിൽ നെറ്റ്‌ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന തട്ടിപ്പ് നടത്തിയത് സി പി എം തന്നെയെന്ന് ഷാഫി പറമ്പിൽ
ബാങ്കിലെ വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണം ഇതിനുപിന്നില്‍ കളിച്ചവരെല്ലാം തേക്കടി റിസോര്‍ട്ട് നിര്‍മാണത്തിന് മുടക്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കോടികളുടെ തട്ടിപ്പു നടത്തിയ പണം എവിടെയാണിപ്പോഴുള്ളത്, എവിടെ നിക്ഷേപിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് തേക്കടി റിസോര്‍ട്ട് നിര്‍മാണമെന്ന് ക്രൈംബ്രാഞ്ചും കരുതുന്നു. ഇതെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തേക്കടിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഈ റിസോര്‍ട്ടില്‍ ഷെയര്‍ഹോള്‍ഡര്‍മാരായിട്ടുണ്ടോ എന്നതും പരിശോധിക്കും. റിസോര്‍ട്ട് നിര്‍മാണത്തിന് ചിലവഴിച്ച തുകയുടെ സ്രോതസ് വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്യും.
ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച കോടികള്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജുവിന്റെയും ബാങ്കിന് കീഴിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ ബിജോയിയുടേയും നേതൃത്വത്തില്‍ തേക്കടിയിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.
Post Your Comments