തിരുവനന്തപുരം: സംസ്ഥാനത്ത് ജി എസ് ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ചരക്ക് സേവന നികുതി വകുപ്പില്‍ അധികം വന്ന തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തിക അധികമായി സൃഷ്ടിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചെന്നും തസ്തിക സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകള്‍ അടിയന്തരമായി പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ചരക്ക് സേവനനികുതി വകുപ്പില്‍ നിന്നും സ്വാഭാവികമായി റദ്ദായി പോകുന്ന 208 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളാണ് പഞ്ചായത്ത് വകുപ്പിലേക്ക് മാറ്റി വിന്യസിക്കുന്നത്. പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലന്വേഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണ് സര്‍ക്കാരിന്റേത്. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നിയമനം വേഗത്തില്‍ പരിഗണിക്കണമെന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ ആവശ്യത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഇത്തരം നടപടികളിലൂടെ പാലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ തസ്തികകള്‍ 14 ജില്ലകളിലേക്കും വിന്യസിക്കാനും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും വകുപ്പിന് സാധിച്ചു. ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തിക മാത്രമുള്ള 457 ഗ്രാമപഞ്ചായത്തുകളിലെ വര്‍ധിച്ച ജോലിഭാരം ലഘൂകരിക്കുവാന്‍ ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തിക കൂടി അനുവദിക്കുന്നതിന് പ്രഥമ പരിഗണന നല്‍കിയും ജില്ലകളിലെ നിലവിലുള്ള കേഡര്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിച്ചുമാണ് തസ്തിക വിന്യസിച്ചതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
Post Your Comments