കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി. വിഷയവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിക്ക് കത്ത് നൽകി. കേസിൽ ആഗസ്റ്റിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദേശം സാധ്യമാവില്ലെന്നും സ്പെഷ്യൽ ജഡ്ജി അറിയിച്ചു.
കോവിഡിനെ തുടർന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായതും ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതും കോടതി നടപടികൾ വൈകുന്നതിന് കാരണമായെന്ന് സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഇതോടൊപ്പം കേസിൽ നിന്ന് പ്രോസിക്യൂട്ടർ പിൻമാറിയതും, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുമ്പാകെ ഹർജിയും എത്തിയതും വിചാരണ നടപടികൾ വൈകാനിടയാക്കിയെന്ന് കത്തിൽ പറയുന്നു.
ഇതുവരെ 179 സാക്ഷികളെ വിസ്തരിച്ച കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും പരിശോധിച്ചു. ചലച്ചിത്ര പ്രവർത്തകർ ഉൾപ്പടെ 43 സാക്ഷികളെക്കൂടി ഇനിയും വിസ്തരിക്കേണ്ടതായിട്ടുണ്ടെന്നും സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
Post Your Comments