KeralaLatest News

‘കോടിയേരി മന്ത്രിയായിരുന്ന കാലത്ത് ഫോണ്‍ ചോര്‍ത്തല്‍ യന്ത്രം വാടകവീട്ടില്‍’- ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് തന്റെ ഫോണും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ചയാകുന്നതിനിടെ സംസ്ഥാനത്തെ ഫോണ്‍ചോര്‍ത്തലിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്‍ ആഭ്യമന്തര മന്ത്രിയെന്ന നിലയില്‍ ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അറിയാമെന്നും പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് തന്റെ ഫോണും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പാര്‍ട്ടി ബന്ധമുള്ള പൊലീസുകാരെ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ചെന്നിത്തല ആരോപിച്ചു. ഈ ഘട്ടത്തില്‍ താനിടപെട്ടാണ് അത് നിര്‍ത്തിച്ചെന്നും ഇപ്പോള്‍ സംസ്ഥാനത്ത് ഫോണ്‍ ചോര്‍ത്തല്‍ ഇല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നേരത്തെ 2019 ഒക്ടോബറിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൊലീസ് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് വാടക വീട്ടിലായിരുന്നു ഫോണ്‍ ചോര്‍ത്തല്‍ യന്ത്രമിരുന്നതെന്നും താന്‍ ആഭ്യന്തരമന്ത്രിയായപ്പോഴാണ് അത് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതെന്നും ചെന്നിത്തല പറയുന്നു. അക്കാലത്ത് രാജ്യദ്രോഹം പോലെ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ മാത്രമാണ് ചോര്‍ത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ഓണ്‍ലൈനിനോടായിരുന്നു പ്രതികരണം.

കൊവിഡിന്‍റെ തുടക്കകാലത്ത് സമ്പർക്കപ്പട്ടികയുണ്ടാക്കാന്‍ ഫോൺ ചോർത്താൻ പൊലീസിന് അനുമതി നൽകിയുള്ള ഉത്തരവും വിവാദമായിരുന്നു. ഇതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കുന്നില്ലെന്നും പകരം ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നത് എന്നുമായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button