തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ പുറത്തുവന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ, കരുവന്നൂരിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കിയെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. മുൻ പഞ്ചായത്തംഗം ആയിരുന്ന ടി എം മുകുന്ദൻ (59 ) ആണ് ആത്മഹത്യ ചെയ്തത്. 80 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് മുകുന്ദന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിനുശേഷമാണ് ആത്മഹത്യ.
അതേസമയം, കരുവന്നൂരിൽ നിന്നും പുറത്തുവരുന്നത് തട്ടിപ്പുകളുടെ പുത്തൻ രീതിയാണ്. വായ്പയ്ക്ക് അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ലാത്തവർക്കും ലോൺ നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ലോണിന് അപേക്ഷിക്കാത്ത 5 പേര്‍ക്കും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു വായ്പ കിട്ടി. അതും 50 ലക്ഷം രൂപ വീതം. ശിവരാമന്‍, അരവിന്ദാക്ഷന്‍, രമണി, നിഷ, ശ്രീദീപ് എന്നീ പേരുകള്‍ മാത്രമേ ബാങ്ക് രേഖകളിലുള്ളൂ. ഈ പേരുകള്‍ മറയാക്കി പ്രതികള്‍ തന്നെ ബാങ്കില്‍ നിന്നു പണം തട്ടി എന്നാണ് വിലയിരുത്തല്‍. 16 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കിയത് അപേക്ഷ മാത്രം പരിഗണിച്ചാണെങ്കില്‍ 5 വായ്പകള്‍ പാസാക്കിയത് അപേക്ഷ പോലുമില്ലാതെയാണ്.
സഹകരണ ബാങ്കിൽ നടന്നത് മുന്നൂറ് കോടിയുടെ തട്ടിപ്പാണെന്നാണ് വിവരം. അഞ്ചുവര്‍ഷത്തിനിടെ നടന്നത് 300 കോടിയുടെ തിരിമറി. സംസ്ഥാനത്ത് സിപിഎം നയിക്കുന്ന ബാങ്കില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. ഈടില്ലാതെയും ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാർക്ക് സാധാരണ സഹകരണബാങ്കുകളിൽ അംഗത്വം നൽകാറില്ല. എന്നാൽ, ഇവിടെ നേരെ മറിച്ചായിരുന്നു. ജീവനക്കാർക്ക് ‘സി’ ക്ലാസ് യോഗ്യത നൽകി അംഗത്വം നൽകി. വായ്പ അനുവദിച്ചു.
Post Your Comments