തിരുവനന്തപുരം: പത്രങ്ങളിലെ സ്ത്രീവിരുദ്ധ പദപ്രയോഗങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സ്ത്രീകളുടെ കൂട്ടായ്മ. പത്രങ്ങളിലെ സ്ത്രീവിരുദ്ധ വാക്കുകളും പ്രയോഗങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ കൂട്ടായ്മ ആയ മലയാളപ്പെണ്‍കൂട്ടം ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. സുൽഫത്ത്.എം സുലു ആണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയത്.
പൊതുബോധത്തിൽ ഉറച്ചു പോയ ഭാഷാപ്രയോഗങ്ങൾ സ്ത്രീകളുടെ സ്വത്വത്തെ അവഗണിക്കുന്നതും, അന്തസ്സിനെ ഇകഴ്ത്തുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന തുല്യതയ്ക്ക് നിരക്കാത്തതുമാണെന്നതിനാൽ ഇത്തരം വാക്കുകൾ വാർത്തകളിൽ നൽകരുതെന്നും അതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പ്രധാനമായതും ആറ് പദപ്രയോഗങ്ങളാണ് ഇവർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. വിഷയം ചൂണ്ടിക്കാണിച്ച് വനിതാ ശിശുക്ഷേമ മന്ത്രി, സാംസ്‌കാരിക മന്ത്രി, പത്രങ്ങള്‍ എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും കൂട്ടായ്മ അറിയിച്ചു.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സൂചിപ്പിക്കാന്‍ ‘മാനഭംഗം’ എന്ന പദം ഉപയോഗിക്കുന്നത്, ചരമ കോളങ്ങളില്‍ മരിച്ച സ്ത്രീയുടെ പേര് പറയുന്നതിനു മുമ്പേ ഇന്നയാളുടെ ഭാര്യ/മകള്‍ ആയ എന്ന് പറഞ്ഞുകൊണ്ട് മാത്രം സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി, സ്ത്രീകളുടെ വിജയം വാര്‍ത്തയാക്കുമ്പോള്‍ (ഉദാ: Ph.D നേടിയ റാങ്ക് നേടിയ) ഇന്നയാളുടെ ഭാര്യ/മകള്‍ എന്നെഴുതിയ ശേഷം മാത്രം അവളുടെ പേര് പരാമര്‍ശിക്കുന്ന രീതി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
സ്ത്രീകള്‍ ആര്‍ക്കെങ്കിലുമൊപ്പം വീടുവിട്ടു പോയാല്‍ മാത്രം സ്ഥിരമായി ഉപയോഗിക്കപ്പെടാറുള്ള ‘ഒളിച്ചോടി’ എന്ന പ്രയോഗം, അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മരണസംഖ്യ സൂചിപ്പിക്കാന്‍ സ്ത്രീകള്‍ അടക്കം ഇത്ര പേര്‍ എന്ന് പ്രയോഗിക്കുന്നത്, വീട്ടുത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത് എല്ലാവരുമാണെന്നിരിക്കെ അത് ചെയ്യുന്ന സ്ത്രീയ്ക്ക് മാത്രം നല്‍കുന്ന ‘വീട്ടമ്മ’ എന്ന പദപ്രയോഗം എന്നീ സ്ത്രീവിരുദ്ധ പ്രയോഗങ്ങള്‍ക്കെതിരെയാണ് കൂട്ടായ്മ രംഗത്തുവന്നിരിക്കുന്നത്.
Post Your Comments