ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ 52 രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിദേശ രാഷ്ട്രങ്ങള്‍ നേരിട്ടും സ്വകാര്യ സന്നദ്ധ സംഘടനകള്‍ മുഖേനയും വിദേശത്തെ ഇന്ത്യന്‍ സമൂഹവും ബഹുരാഷ്ട്ര കമ്പനികളുമെല്ലാം സഹായം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും നിതി ആയോഗ് പോലെയുള്ള ഗവണ്മെന്റ് ഏജന്‍സികളുടെയും പ്രതിനിധികളുള്‍പ്പെടുന്ന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സംഭാവനകള്‍ സ്വീകരിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. 27,116 ഓക്‌സിജന്‍ സിലണ്ടറുകള്‍, 29,327 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 48 ഓക്‌സിജന്‍ പി.എസ്.എ പ്ലാന്റുകള്‍ 19,375 വെന്റിലേറ്ററുകള്‍ എന്നിവ വിദേശത്ത് നിന്ന് ലഭിച്ച ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു.
ഫാവിപിരാവിര്‍, റെംഡിസീവിര്‍, ടൊസിലിസുമാബ് തുടങ്ങിയ മരുന്നുകളും മാസ്‌ക്, കോവിഡ് ദ്രുത പരിശോധനാ കിറ്റുകളും കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ സഹായമായി ലഭിച്ചെന്ന് ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്‍ 1ന്റെ 31.5 ലക്ഷം ഡോസും, സ്പുട്‌നിക് വാക്‌സിന്‍ 2ന്റെ 4.5 ലക്ഷം ഡോസും ഇന്ത്യ ഇറക്കുമതി ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments