ന്യൂഡൽഹി: പി.എം കിസാൻ പദ്ധതി പ്രകാരം 40 ലക്ഷം അനർഹർക്ക് പണം ലഭിച്ചു. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. അസം, തമിഴ്നാട്, ചത്തീസ്ഗഢ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനർഹർക്കാണ് പി.എം. കിസാൻ പദ്ധതി പ്രകാരം അക്കൗണ്ടിലേക്ക് പണമെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അനർഹമായി പണം ലഭിച്ചവരിൽ നിന്നും തുക തിരികെ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി.
ഇവരുടെ പക്കൽ നിന്നും തുക പിടിച്ചെടുക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ പദ്ധതി പ്രകാരം അനർഹർക്ക് പണം ലഭിച്ചിട്ടുണ്ട്. എന്നാൽ അസം, തമിഴ്നാട്, ഛത്തീസ്ഗഢ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ അനർഹർക്ക് ആനുകൂല്യം ലഭിച്ചിരിക്കുന്നത്. പി.എം. കിസാൻ പദ്ധതി പ്രകാരം അർഹരായ കർഷകരെ കണ്ടെത്തുന്ന ചുമതല സംസ്ഥാനങ്ങൾക്കാണ്. 2019 ഫെബ്രുവരി 24-നാണ് പിഎം കിസാൻ പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്.
പി.എം. കിസാൻ പദ്ധതിപ്രകാരം ക്യഷിഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. 2,000 വീതം മൂന്ന് ഗഡുക്കളായി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക കൈമാറുന്നത്. കഴിഞ്ഞ മേയ് മാസം 19,000 കോടി രൂപയാണ് പദ്ധതിയ്ക്കായി കേന്ദ്രം നൽകിയത്. 1.15 ലക്ഷം കോടിയാണ് പദ്ധതിയ്ക്ക് വേണ്ടി സർക്കാർ ഇതുവരെ നൽകിയത്. 2020-ൽ പി.എം. കിസാന്റെ പേരിൽ അസമിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അസമിൽ 554 കോടി രൂപയാണ് തിരിച്ചുപിടിക്കാനുള്ളത്. ഉത്തർപ്രദേശിൽ 258 കോടിയും പഞ്ചാബിൽ 437 കോടിയും ബിഹാറിൽ 425 കോടി രൂപയും തിരിച്ച് പിടിക്കാനുണ്ട്. ഏറ്റവും അധികം തട്ടിപ്പ് നടന്നിരിക്കുന്നത് അസമിലാണ്. 8,35,268 അനർഹർക്കാണ് ഇവിടെ പണം ലഭിച്ചത്.
Read Also: ലഡാക്കിന്റെ മാറുന്ന മുഖം: കേന്ദ്ര സർവ്വകലാശാലയ്ക്ക് അനുമതി, 750 കോടി രൂപ സർക്കാർ നീക്കി വെയ്ക്കും
Post Your Comments