പെരിന്തൽമണ്ണ: എസ്.എം.എ രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിനെട്ടു കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെ വിടവാങ്ങിയത്. ചികിൽസാ സഹായം ആവശ്യപ്പെട്ട് ഇമ്രാന്റെ പിതാവ് നൽകിയ ഹർജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇമ്രാനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതുവരെ 16 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് കഴിഞ്ഞ 4 മാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെൻറിലേറ്ററിലായിരുന്നു അഞ്ചുമാസം പ്രായമുള്ള ഇമ്രാൻ. ഹൃദയ സ്തംഭനത്തെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് മരണം സംഭവിച്ചത്. ഇമ്രാന്റെ ചികിത്സക്കായുള്ള 18 കോടി രൂപയുടെ മരുന്നിനായി സർക്കാർ സഹായം ആവശ്യപ്പെട്ട് പിതാവ് ആരിഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം 6 ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.
Read Also: ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണം : ആശംസകൾ നേർന്ന് മുഖ്യമന്ത്രി
രണ്ടു ദിവസം മുമ്പും ഈ ബോർഡ് ചേർന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. മങ്കട എം.എൽ.എ മഞ്ഞളാം കുഴി അലിയുടെ നേതൃത്വത്തിൽ മരുന്നിനായുള്ള പണത്തിനായി ക്രൗഡ് ഫണ്ടിങും തുടങ്ങിയിരുന്നു.16 കോടിയിലധികം രൂപ സമാഹരിക്കാനും കഴിഞ്ഞു. എന്നാൽ ഹൈക്കോടതി തീരുമാനത്തിനോ മരുന്നിനോ കാത്തിരിക്കാതെയാണ് കുഞ്ഞ് ഇമ്രാൻ കണ്ണീരോർമ്മയായത്.
Post Your Comments