എറണാകുളം: പങ്കാളിത്ത വ്യവസ്ഥയിൽ വ്യവസായം തുടങ്ങാനെന്ന വ്യാജേന ഏറ്റെടുത്ത ഭൂമി ഉടമയറിയാതെ വിറ്റ് പണം തട്ടിയെടുത്ത പ്രതിയെ 14 വർഷത്തിനു ശേഷം ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മാടായി പഞ്ചായത്ത് 14- വാർഡിൽ പുതിയങ്ങാടി സീവ്യൂവിൽ പി.സി.ഷക്കീൽ എന്നയാളെയാണ് ആലപ്പുഴ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ശ്രീ.എസ്.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം തോപ്പുംപടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം കേസുകൾ
ബാങ്ക് വായ്പ കുടിശ്ശികയായി വരുന്ന വസ്തുക്കളുടെ ഉടമകളെ സമീപിച്ച് വസ്തു വാങ്ങാം എന്നറിയിക്കുകയാണ് ഇയാളുടെ രീതി.. തുടർന്ന് മറ്റു ബാങ്കുകളെ സമീപിച്ച് ഈ വസ്തുവിനായി ഉയർന്ന വിലയ്ക്ക് ബാങ്കുകളിൽ നിന്ന് വായ്പ കരസ്ഥമാക്കുക, പേപ്പർ കമ്പനികൾ ഉണ്ടാക്കി രജിസ്റ്റർ ചെയ്ത് ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുക തുടങ്ങിയ തട്ടിപ്പ് രീതികളാണ് ഇയാൾക്കുള്ളത്. കൂടാതെ ഡോക്ടർ ഷക്കീൽ എന്ന പേരിൽ ആളുകളെ പരിചയപ്പെട്ട് ബിസിനസ്സ് ആവശ്യം പറഞ്ഞ് ലക്ഷക്കണക്കിന് രൂപ കടം വാങ്ങിക്കുകയും ചെയ്തതായി വിവരം ലഭിച്ചു.
ഇയാളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ഇയാളുടെ തട്ടിപ്പിന് ഇരയായ പലരും പരാതിയുമായി രംഗത്തെത്തുന്നുണ്ട്. കൂടാതെ നിരവധി ആളുകളുടെ ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകളും പലരുടേയും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ 5 മാസമായി ഇയാൾ ഉപയോഗിച്ചിരുന്ന രജിസ്റ്റർ ചെയ്യാത്ത കാറും പിടിച്ചെടുത്തു. ഇയാളുടെ വീട് പരിശോധിച്ചതിൽ 186 പ്രാവശ്യം അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് പിഴ ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ കണ്ടെത്തി. അതിൽ ഒന്നും തന്നെ പിഴ അടച്ചിട്ടില്ല. കൂടാതെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ വെർച്യൂവൽ സിം ആപ്ലിക്കേഷൻ ഉൾപ്പെടെ പല ആപ്ലിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്തതായും നിരവധി ആളുകളെ ഈ ഫോൺ മുഖേന ബന്ധപ്പെട്ടിട്ടുള്ളതായും മനസിലാക്കാനായി. ഇക്കാര്യം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു.
Post Your Comments