മുംബൈ: കോവിഡ് വ്യാപനത്തിനിടെ മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം കാരണം രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചതിന് പിന്നാലെയാണ് രാകേഷ് ടോപെയുടെ പ്രതികരണം.
‘മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ ക്ഷാമം കാരണമുള്ള മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാണിജ്യ ആവശ്യത്തിന് ഉത്പ്പാദിപ്പിച്ച ഓക്‌സിജന്‍ 100 ശതമാനം ദ്രവീകൃത ഓക്‌സിജനാക്കി മാറ്റിയിരുന്നു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം നേരിട്ട സാഹചര്യങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ സഹായിച്ചു. മഹാമാരിയുടെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍ 200-300 മെട്രിക് ടണ്‍ ഓക്‌സിജനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്’ – രാകേഷ് ടോപെ പറഞ്ഞു.
ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചതായി സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയെ അറിയിച്ചത്. മരണങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
Post Your Comments