ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണമെന്ന് എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് എക്‌സ്‌ചേഞ്ചുകൾക്ക് ഐടി വകുപ്പ് നോട്ടീസ് നൽകി. ക്രിപ്റ്റോകറൻസികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന് എക്സ്ചേഞ്ചുകൾക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
തുടർച്ചയായി മൂല്യമിടിയുന്ന സമയത്ത് വകുപ്പിന്റെ നടപടി നിക്ഷേപകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ബിറ്റ്കോയിന്റെ മൂല്യം എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ 2017 ലും ആദായ നികുതി വകുപ്പ് എക്സ്ചേഞ്ചുകൾക്ക് നോട്ടീസ് അയച്ചിരുന്നു. ഇത്തവണത്തെ പരിശോധന ഇടപാടുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാനാണെന്നാണ് റിപ്പോർട്ട്. ഇടനിലക്കാർ വഴിയാണ് സ്റ്റോക് എക്സ്ചേഞ്ചുകളിൽ ഇടപാട് നടക്കുന്നത്. എന്നാൽ ക്രിപ്റ്റോകറൻസികളുടെ ഇടപാടുകൾ എക്സ്ചേഞ്ചുകൾ വഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങൾ ലഭിക്കാനുള്ള ഒരേയൊരു മാർഗം എക്‌സ്‌ചേഞ്ചുകളാണ്.
ക്രിപ്റ്റോകറൻസികൾ വിൽക്കുമ്പോൾ പണം ബാങ്കിലേക്ക് കൈമാറാതെ വിലകുറയുമ്പോൾ വീണ്ടും വാങ്ങുന്ന രീതി ഇടപാടുകാരിൽ പലരും നടത്തിവരുന്നുണ്ട്. ഇടപാടുകാരിൽ നിന്നുള്ള നേട്ടം കണക്കാക്കാൻ കഴിയില്ല. അതിനാൽ നികുതി ഈടാക്കുന്നതിനും പരിമിതിയുണ്ട്. ഇടപാട് നടന്നാൽ പണം ബാങ്കിലേക്ക് മാറ്റാൻ ആദായ നികുതി വകുപ്പ് എക്സ്ചേഞ്ചുകൾക്ക് നിർദേശം നൽകിയേക്കുമെന്നാണ് വിവരം.
Post Your Comments