തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനുള്ള സംവിധാനമായ കൺട്രോൾ റൂം ടോൾഫ്രീ നമ്പറിലൂടെ ഇതുവരെ ലഭിച്ചത്. 1948 പരാതികൾ. ഇതിൽ 804 എണ്ണത്തിൽ പരിഹാരം കണ്ടുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ബാക്കിയുള്ളവ തുടർനടപടികളിലാണെന്നും അദ്ദേഹം പറഞ്ഞു.
‘കൺട്രോൾ റൂമിന്റെ പ്രവർത്തനം സജീവമാക്കാനും ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനുമാണ് റിംഗ് റോഡ് ഫോൺ ഇൻ പരിപാടി ആവിഷ്കരിച്ചത്. ടോൾഫ്രീ സംവിധാനം കൂടുതൽ വിപുലീകരിച്ച് പരാതികളിൽ തുടർനടപടികൾ പരിശോധിക്കാൻ ജീവനക്കാരെയും പ്രവർത്തനം വിലയിരുത്താൻ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. പരാതി പരിഹാര സെല്ലിന്റെ
പ്രവർത്തനം വിലയിരുത്താൻ എന്റെ ഓഫീസിലും പ്രത്യേക ചുമതല നൽകി. ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് റിംഗ് റോഡിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും’ അദ്ദേഹം വ്യക്തമാക്കി.
Read Also: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ നിയമിച്ചു
‘ദേശീയപാത സംബന്ധിച്ചും പഞ്ചായത്ത് റോഡുകൾ സംബന്ധിച്ചും പരാതികൾ വരുന്നുണ്ട്. ഇത് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ല. സംസ്ഥാനത്ത് ഏകദേശം ഒന്നരലക്ഷം കിലോമീറ്റർ റോഡുകളുണ്ടെന്നാണ് കണക്കാക്കുന്നത്. അതിൽ 33,000 കിലോമീറ്റർ റോഡുകൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. നിലവിൽ 1781.50 കിലോമീറ്റർ ദൈർഘ്യം വരുന്ന 11 ദേശീയപാതകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1233.5 കിലോമീറ്റർ റോഡ് നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. കേന്ദ്ര സർക്കാരിനാണ് അതിന്റെ നിയന്ത്രണം. ശേഷിക്കുന്ന 548 കിലോമീറ്റർ ദേശീയപാതയുടെ വികസനവും പരിപാലനവുമാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നതെന്ന്’ അദ്ദേഹം വിശദമാക്കി.
‘സമൂഹത്തിൽ വലിയൊരു ശതമാനം ആളുകളും എല്ലാ റോഡുകളും പൊതുമരാമത്ത് റോഡുകളാണെന്നാണ് കണക്കാക്കുന്നത്. ദേശീയപാതയുമായി ബന്ധപ്പെട്ട പരാതികളും പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന ധാരണ ജനങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ വരുന്ന പരാതികളിൽ ഭൂരിപക്ഷവും നേരിട്ട് ഇടപെട്ട് തീർക്കാൻ പറ്റുന്നതല്ല. അത് ആ രീതിയിൽ തന്നെ പരാതിക്കാരെ അറിയിക്കുന്നുണ്ട്. പിഡബ്ല്യുഡിയുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തിര പ്രാധാന്യത്തോടെ പരിശോധിച്ചുവരുന്നുണ്ട്. റോഡിലെ കുഴികൾ, റോഡരികിൽ വാഹനങ്ങൾ കൂട്ടിയിട്ടത്, വെള്ളക്കെട്ട്, ഡ്രൈനേജ് പ്രശ്നങ്ങൾ തുടങ്ങി പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കാനാണ് നിർദ്ദേശം കൊടുത്തിട്ടുള്ളത്. വരുന്ന പരാതികളിൽ കൂടുതലും സമയമെടുത്ത് പരിഹരിക്കേണ്ടവയാണ്. പരാതികൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന്’ അദ്ദേഹം അറിയിച്ചു.
‘എല്ലാ പരാതികളും പരിശോധിച്ച് കൃത്യമായി ഉദ്യോഗസ്ഥർക്ക് കൈമാറുകയും അതിന്റെ തുടർനടപടികൾ വിലയിരുത്തുകയും ചെയ്യുന്ന പരാതി പരിഹാര സെല്ലിലെ ജീവനക്കാരുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. പരാതികളിൽ തുടർനടപടി സ്വീകരിച്ചാൽ പരാതിക്കാരനെ വിളിച്ച് അറിയിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനവും പ്രശംസനീയമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments