ന്യൂഡൽഹി: പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് നവജ്യോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പിസിസി അദ്ധ്യക്ഷനായി നിയമിച്ചത്. സംഗത് സിങ് ഗിൽസിയാൻ, സുഖ്വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നഗ്ര എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയോഗിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പഞ്ചാബിൽ ഏറെ നാളായി തുടരുന്ന അമരീന്ദർ- സിദ്ധു പോര് അവസാനിപ്പിക്കാൻ വേണ്ടിയാണ് നവജ്യോത് സിംഗ് സിദ്ധുവിന് പഞ്ചാബ് പി സി സി അദ്ധ്യക്ഷൻ സ്ഥാനം നൽകിയത്. നേരത്തെ സിദ്ധുവിന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം നൽകുന്നതിനെതിരെ മുഖ്യമന്ത്രി അമരീന്ദർ സിങ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. സിദ്ധുവിനെ പാർട്ടി അധ്യക്ഷനാക്കിയാൽ സംസ്ഥാനത്ത് പാർട്ടിയെ അത് ഏത് രീതിയിൽ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമരീന്ദർ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചത്. ‘സിദ്ധുവിന്റെ പ്രവർത്തന ശൈലി കോൺഗ്രസിന് ഉപദ്രവമാകും. പഴയ പാർട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കുമെന്നും കോൺഗ്രസ് പിളരുമെന്നും’ അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
Read Also: യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിനെ പിന്തുണച്ച് ശിവസേന
Post Your Comments